Follow by Email

Tuesday, April 17, 2012

മഞ്ഞ മന്ദാരങ്ങള്‍                     പുറത്ത് ഇരുട്ടിൽ തിമിർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി കാറിന്റെ മഞ്ഞവെളിച്ചവും പ്രതീക്ഷിച്ച് ഗൗരി പൂമുഖപ്പടിയിൽ ഇരുന്നു. സമയം എട്ടരയോളമാവുന്നു. ഈ വേണുവേട്ടൻ എന്തേ ഇത്ര വൈകുന്നു ? ഇങ്ങെത്തുമ്പോഴേക്കും ഗേറ്റു തുറന്നു കൊടുത്തില്ലെങ്കിൽ എന്താണു പറയുക എന്നു ഒരു നിശ്ചയവുമില്ല. ശണ്ഠ ഒഴിവാക്കാനായി താനൊന്നും പറയുന്നില്ല എന്നെയുള്ളൂ. ഉള്ളിൽ അമർഷം അലയടിക്കുമ്പോഴും താൻ വേണുവേട്ടനെ എതിർത്തു സംസാരിക്കാറില്ലല്ലോ. ചിലപ്പോഴൊക്കെ തോന്നും ബാംഗ്ലൂർ ഉപേക്ഷിച്ചു നാട്ടിലേക്കു തന്നെ മടങ്ങിയാലോ എന്ന്. പക്ഷെ നല്ല ലാഭമുള്ള ബിസിനസ്സ് ഉപേക്ഷിച്ചു മടങ്ങാൻ വേണുവേട്ടനു മനസ്സു വരുന്നില്ലല്ലോ. പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ ആർക്കു വേണ്ടിയാണിങ്ങനെ സമ്പാദിക്കുന്നതെന്നോർക്കുമ്പോൾ……….!    യഥാർത്ഥത്തിൽ ഒരു കുഞ്ഞില്ലാത്ത  ദുഖം മറയ്ക്കാനല്ലേ അദ്ദേഹം തിരക്കുകളിൽ നിന്നും  തിരക്കുകളിലേക്ക്  ഊളിയിട്ട്……………

                   പുറത്തു മന്ദാരപ്പൂക്കൾ  മഴവെള്ളം നിറഞ്ഞു കൂമ്പി നിന്നു. മഞ്ഞ മന്ദാരങ്ങള്തനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നല്ലോ. പണ്ട് കുട്ടിക്കാലത്ത് തറവാട്ടിലെ പിന്നാമ്പുറത്തു ഒരുപാട് മന്ദാരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു ചെറിയമ്മായി. വിടര്ന്നു നില്ക്കുന്ന മന്ദാരങ്ങള്കാണുമ്പോള്അമ്മ എന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നുന്നു ഗൌരീ എന്ന് വേണുവേട്ടന്പറയാറുണ്ട്. കുഞ്ഞമ്മാവന്മരിച്ചതില്പിന്നെ അമ്മായിയും വേണുവേട്ടനും തറവാട്ടിലേക്ക്  പോന്നു. "അവളുടെ കാര്യം നോക്കാനിനി നമ്മള്അല്ലാതെ  വേറെ ആരുമില്ലല്ലോ" എന്ന് മാത്രമേ അച്ഛന്പറഞ്ഞുള്ളൂ.  വേണുവേട്ടനന്നു പത്തു വയസ്സോളമുണ്ടാകും. തനിക്കു ഏഴും. വള്ളിനിക്കറുമിട്ടു ഒരു കൈ വായിലും മറുകൈ അമ്മായിയുടെ നേര്യതിന്റെ തുമ്പിലും പിടിച്ചു ചാടിച്ചാടി വന്ന പയ്യനെ കണ്ടപ്പോള്ദേഷ്യമാണ് തോന്നിയത്. തനിക്കു കിട്ടേണ്ട സ്നേഹത്തിന്റെ പങ്കുപറ്റാന് വന്നവൻ. അച്ഛന്റെ പലഹാരപ്പൊതികളില്നിന്നും പകുതി വേണുവേട്ടന്റെ നേരെ നീളുന്നത് പതിവായപ്പോള്ഉള്ളില്പകമൂത്തൂ. ഈ ചെറുക്കനെ ഇവിടന്നു ഓടിക്കാതെ പറ്റില്ല്യല്ലോ എന്ന് മനസ്സില്വിചാരിച്ചു. അതിനു വേണ്ടി തന്നെയല്ലേ വാല്ല്യക്കാരത്തി അമ്മിണിയുടെ മകന്അയ്യപ്പനേയും കൂട്ട് പിടിച്ചു തെക്കേ മുറ്റത്തെ മാഞ്ചോട്ടില്കെണിയൊരുക്കിയത്. ഊഞ്ഞാലിന് താഴെ രണ്ടടി  താഴ്ച്ചയുള്ള ഒരു കുഴി. അതില്കുപ്പിച്ചില്ലും കാരമുള്ളും നിറയ്ക്കുമ്പോള്തനിക്കെന്തു സന്തോഷമായിരുന്നു. എന്നിട്ട് കപട സ്നേഹത്തോടെ   വേണുവേട്ടന്റെ അടുത്തുചെന്നു കൈയിലിരുന്ന ഉണ്ണിയപ്പം നീട്ടി "കുട്ടിക്ക് വേണോ ഇത് " എന്ന് ചോദിച്ചപ്പോല്പിന്നില്ഒരു ചതിയുണ്ടെന്ന് വേണുവേട്ടന് ഓർത്തുകാണുമോ....?

ഗൌരീ താനെന്തെടുക്കാ .....? എത്ര നേരമായി ഹോണടിക്കുന്നു. സഹി കെട്ടപ്പോള്‍ ഞാനിറങ്ങി  ഗേറ്റ് തുറന്നു .
നനഞ്ഞുകുളിച്ച് കാറിന്റെ ഡോറടച്ചുകൊണ്ട്  വേണുവേട്ടന്‍.

ഗേറ്റ് ആവശ്യമില്ലാതെ തുറന്നിടരുതെന്നു പറഞ്ഞിട്ടല്ലേ ....അല്ലെങ്കില്‍ ഞാനിത് നേരത്തേ തുറന്നിട്ടേനെ.
ഗൌരി ടവ്വലെടുക്കുന്നതിനിടയില്‍ പറഞ്ഞു .എന്തോ മറുപടിയുണ്ടായില്ല. ദാ ഇപ്പോള്‍ ചായയെടുക്കാം അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ ഗൌരി ഓര്‍ത്തു . എന്തു  പറ്റിയാവോ വേണുവേട്ടന് ! . സാധാരണ വന്നയുടനെ ഓഫീസിലെ പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുകയാണ്  പതിവ് .തനിക്കിതിലൊന്നും താല്പര്യമില്ലെന്ന് അറിയാതെയല്ല . തങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാവാം . മറ്റു വിഷയങ്ങള്‍ സംസാരിച്ചാല്‍ തന്നെയും പതിവ് പോലെ ഒരിടത്താണെത്തിച്ചേരുക. താലോലിക്കാന്‍,  നെഞ്ചില്‍ചേര്‍ത്തു ഓമനിക്കാന്‍ ഒരു കുഞ്ഞ് . അതുകൊണ്ടുതന്നെ തങ്ങള്‍ മനപ്പൂര്‍വ്വം ഒന്നും ഓര്‍ക്കാറില്ല . രണ്ടുപേരുടെയും മനസ്സിലെ സ്വകാര്യ ദു:ഖമായി എന്നോ അതു മാറിക്കഴിഞ്ഞു .

             ചായക്ക്‌ വെള്ളം വെക്കുമ്പോള്‍ പിന്നില്‍ നിന്നും വിളി കേട്ടു . എടോ ഞാനൊന്ന് ട്രാവല്‍സ് വരെ പോയി വരാം . നാട്ടിലേക്ക് രണ്ട് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണം . നമുക്ക് നാട്ടിലേക്കൊന്നു പോയി വരാം ഗൌരീ. ഈ തിരക്കുകള്‍ക്കിടയില്‍ കിടന്ന് വല്ലാതെ ശ്വാസംമുട്ടിത്തുടങ്ങി. എല്ലാത്തിനും ഒരു യാന്ത്രികത. കുറച്ചുനാള്‍ സമാധാനമായി അമ്മയുടെ കൂടെ.....

ചായ കുടിച്ചില്ല.. താന്‍ വേവലാതിപ്പെട്ടു .

വന്നിട്ടാവാം. ഇനിയും വൈകിയാല്‍ ടിക്കറ്റ്‌ കിട്ടിയെന്നു വരില്ല .

           വേണുവേട്ടന്‍ തിരക്കിട്ടിറങ്ങിപ്പോയപ്പോള്‍ ഗൌരി പിന്നെയും ഓര്‍മകളിലേക്ക് മടങ്ങി . എത്ര മാറിപ്പോയിരിക്കുന്നു വേണുവേട്ടന്‍ . പക്ഷെ പണ്ടത്തെ സ്നേഹത്തിനുമാത്രം ഒരു കുറവുമില്ല. അന്ന് താന്‍ നീട്ടിയ ഉണ്ണിയപ്പം വാങ്ങി പകുതി തനിക്ക് തന്നെ തിരിച്ചുതന്നു വേണുവേട്ടന്‍. ഊഞ്ഞാലാടാന്‍ വിളിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ ഓടിവന്നു. അയ്യപ്പന്‍റെ കെണി പിഴച്ചില്ല. വേണുവേട്ടന്റെ  കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത്‌ ചെറിയമ്മായി തന്നെയാണ് . കുഴിയില്‍ നിന്നും വലിച്ചുകയറ്റിയപാടെ  നെഞ്ചത്ത്‌  കൈവെച്ചുപോയി  അവര്‍ . ദേഹത്തു മുഴുവന്‍ കുപ്പിച്ചില്ലും കാരമുള്ളും . ഓരോന്നും വലിച്ചെടുത്തപ്പോള്‍ കുതിച്ചൊഴുകിയ ചോര കണ്ടപ്പോഴേ തനിക്ക് ചെയ്തതിന്റെ ഗൌരവം പിടികിട്ടിയുള്ളൂ . ഉടന്‍ തന്നെ വേണുവേട്ടനെ രാമന്‍ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോകുകയാണുണ്ടായത്.

              മുറിയില്‍ പതുങ്ങിയിരിക്കുമ്പോള്‍ അച്ഛന്റെ വിളി വന്നു . ഗൌരീ ഇവിടെ വരൂ ..... പ്രതീക്ഷിച്ചതാണ് . ഇനി പൊതിരെ കിട്ടും അടി . പേടിച്ചുവിറച്ച് നില്‍ക്കുമ്പോള്‍ ആദ്യത്തെ ചോദ്യം വന്നു. എന്താ വേണുവിന് പറ്റിയത് ? അവനെങ്ങിനെയാ കുഴിയില്‍ വീണത്‌ ? വേഗം പറഞ്ഞില്ലെങ്കില്‍ ഈ ചൂരല്‍ കൊണ്ട് കിട്ടും നിനക്ക് .

ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ കാലുതെറ്റി വീണതാ അമ്മാവാ . ഞാനും അയ്യപ്പനും കൂടി കണ്ടന്‍ പൂച്ചയെ പിടിക്കാന്‍ വെച്ച കെണിയാ .. അടി പ്രതീക്ഷിച്ചു നില്ക്കുമ്പോളാണത് കേട്ടത്.  നോക്കുമ്പോള്‍ വേണുവേട്ടന്‍ . ദേഹത്തുമുഴുവന്‍ വെള്ളയും പച്ചയും നിറങ്ങള്‍. ചിലയിടത്ത് ചെറുതായി വീര്‍ത്തിട്ടുമുണ്ട്.  പച്ചമരുന്നില്‍ മുക്കി കെട്ടിയ തുണിയാണ് ദേഹം മുഴുവനും . താനന്നാ മുഖത്തു നോക്കി ചോദിച്ചു . നല്ലോണം  വേദനിക്കണുണ്ടോ?
ഇല്ലെന്നു ചിരിച്ചുകാട്ടി വേണുവേട്ടന്‍ . അതില്‍ പിന്നെ താനെപ്പോഴും വേണുവേട്ടന്റെ  അരികിലുണ്ടായിരുന്നു. മുറിവുണങ്ങിയിട്ടും താനത് തുടര്‍ന്നു.

                ബാല്യകാലത്ത് തോന്നിയ ആ ഇഷ്ട്ടം പിന്നീടെപ്പോഴാണ് പ്രണയത്തിന് വഴിമാറിയത് എന്നറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം വേണുവേട്ടനില്ലാതെ ഒരു നിമിഷം പോലുമില്ലായിരുന്നു. തന്റെ സ്വപ്നങ്ങളില്‍ പോലും വേണുവേട്ടന്‍  നിറഞ്ഞു തുടങ്ങിയത് എന്നാണ് ? ഒരിക്കല്‍ രാധയുടെ വിവാഹത്തിന്റന്ന്  വേണുവേട്ടന്‍ കളിയായി ചോദിച്ചു. ഇനിയെന്നാ ഗൌരീടെത്‌ ? തനിക്കും പ്രായമായീട്ടോ. അമ്മാവനോട് ഞാന്‍ പറയുന്നുണ്ട് തനിക്കൊരു ചെറുക്കനെ കണ്ടുപിടിക്കാന്‍  താനപ്പോള്‍  ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. എന്റെ വേണുവേട്ടനുള്ളപ്പോള്‍  എനിക്കെന്തിനാ വേറൊരു ചെറുക്കന്‍? ഞാന്‍ വേണുവേട്ടനെയേ കെട്ടു. ഇല്ലെങ്കില്‍ ഈ ഗൌരിയില്ല  അന്നാ മുഖത്തുണ്ടായ തിളക്കം നാണിച്ചോടുന്നതിനിടയില്‍ താനൊരുനോക്ക് കണ്ടു . അറിഞ്ഞപ്പോള്‍ വീട്ടിലെല്ലാവര്‍ക്കും സമ്മതം. അല്ലെങ്കിലും അവരു തമ്മിലെന്താ ചെര്‍ച്ചക്കുറവ് ? ശിവനും പാര്‍വതിയും പോലെയല്ലേ ? എന്തായാലും നന്നായി . അവരെ പിരിക്കേണ്ടി  വരുമോ എന്നൊരു സംശയമുണ്ടായിരുന്നു . പക്ഷെ അവരെന്റെ മനസ്സറിഞ്ഞു എന്ന് പറഞ്ഞുവത്രേ അച്ഛന്‍ .

             ആഘോഷപൂര്‍വമാണ്  വിവാഹം നടന്നത് . ബാംഗ്ലൂരില്‍  പുതിയ ബിസിനസ്സ് തുടങ്ങിയപ്പോള്‍ തനിക്കെന്ത്  ഉത്സാഹമായിരുന്നു. പക്ഷെ ഇവിടെ എത്തി ഒരുമാസം കഴിയുന്നതിനുമുമ്പു തന്നെ താനിവിടം വെറുത്തു  തുടങ്ങി. ഇപ്പോഴും തനിക്ക് നാടല്ലേ ഇഷ്ട്ടം .

ടിക്കറ്റ്‌ കിട്ടാന്‍ ബുദ്ധിമുട്ടി. എന്താ തിരക്ക്‌. ഇന്നു രാത്രി നമ്മുടെ ഉറക്കം പോയി ഗൌരീ .രാവിലെ അഞ്ചരയ്ക്കാണ്  ബസ്സ്. ട്രെയിനിലാണേല്‍  ഒറ്റ ടിക്കറ്റ്‌ പോലുമില്ല. ഭക്ഷണം കഴിച്ചിട്ട് പാക്കിംഗ് തുടങ്ങണം.താന്‍ അത്താഴം എടുത്തു വെയ്ക്ക് . ഞാനൊന്നു കുളിച്ചിട്ടു വരാം.  വേണുവേട്ടന്‍ വന്നു കയറിയപ്പോഴാണ് തനിക്ക് പരിസരബോധം  വീണ്ടുകിട്ടിയത് .
പിന്നെയാകെ ഒരു വിമ്മിഷ്ട്ടമായിരുന്നു. എത്ര നാളുകള്‍ക്കു ശേഷമാണ്  താന്‍ നാട്ടിലേക്ക് .ഇപ്പോളവിടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാവുമോ എന്തോ ? തറവാടിന്റെ തെക്കിനി പൊളിച്ചു എന്ന് അമ്മയുടെ കത്തിലുണ്ടായിരുന്നു. പിന്നെ നനുത്ത കുളിര്‍കാറ്റുപോലെ  കുറെയേറെ ഓര്‍മ്മകള്‍ ...... പൂവാലിപ്പശുവിന്റെ കിടാവുകള്‍, കാളിക്ഷേത്രത്തിനു പിന്നിലെ അരയാല്‍മരച്ചോട്, തറവാട്ടിലെ ഊഞ്ഞാല് , രാധയുടെ വീട്ടിലെ ഞാവല്‍മരം , തനിക്ക് പ്രിയപ്പെട്ട നീര്‍മാതളം, പിന്നെ താന്‍ ഒരിക്കലെങ്കിലും പൂത്തു കാണാന്‍ കൊതിച്ച ഇലഞ്ഞി, പണ്ട് ചെറുപ്പത്തില്‍ താനും വേണുവേട്ടനും കളിയായി കെട്ടി തൂക്കിയ ദേവി ക്ഷേത്രത്തിലെ മാവിന്‍കൊമ്പത്തെ തൊട്ടില്‍ അങ്ങനെ ഓരോന്നായി മനസ്സില്‍ തെളിയുകയായിരുന്നു പിന്നെ. പുറത്തു  മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു . തന്റെ മഞ്ഞമന്ദാരങ്ങള്‍ മഴതുള്ളിയേന്തി തന്നെ നോക്കി ചിരിക്കുന്നതായി  തോന്നി ഗൌരിയ്ക്ക് ...ഓര്‍മയുടെ മഞ്ഞു വീണു കുളിര്‍ന്ന പോലെ ....സ്മൃതിയുടെ തൂവലിനാല്‍ നനുത്ത സ്പര്‍ശമേറ്റതു പോലെ ...

ഗൌരി അടുക്കളയിലേക്കു നീങ്ങി . നാളത്തെ പകല്‍ കിനാവ്‌ കണ്ടുകൊണ്ട് .....   

2 comments: