Follow by Email

Thursday, July 12, 2012

വടിയമ്മാവന്‍                                               പതിവ് പോലെ അന്നും അച്ഛനു പറയാന്‍ കുറെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. നൈറ്റ്‌ ഡ്യുട്ടി കഴിഞ്ഞു വരുന്ന ദിവസങ്ങളിലൊക്കെ കവലയില്‍ ബസ്സിറങ്ങി ആദ്യം അച്ഛന്‍ പോയിരുന്നത് രാഘവന്‍ നായരുടെ ചായക്കടയിലേക്കായിരുന്നു. അതിലിത്ര വിശേഷമായി എന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ വീട്ടില്‍ നിന്നും രണ്ടടി ദൂരം മാത്രമേ ചായക്കടയിലേക്കുള്ളൂ എന്നതാണ് . വീട്ടില്‍ അപ്പോള്‍ ചായ തയ്യാറുമായിരിക്കും. ഒരിക്കല്‍ കുടിച്ചവന്‍ എന്നും ഓര്‍മ്മ വയ്ക്കുന്ന നല്ല അസ്സല്‍ ചായ തന്നെയാണ് മീനുവമ്മ, അതായത്‌ എന്റെ അമ്മ ഉണ്ടാക്കിയിരുന്നത് . എന്നിട്ടും മൂപ്പര്‍ക്ക് എന്തിന്റെ കേടാണെന്ന് വെച്ചാല്‍ നല്ല എരിവും പുളിയും ചേര്‍ത്ത നാട്ടുവര്‍ത്തമാനങ്ങള്‍, പരദൂഷണങ്ങള്‍ , ഇതൊക്കെ നയാ പൈസ ചിലവില്ലാതെ കേള്‍ക്കാം. കൂട്ടത്തില്‍ വലിയ വിവരമൊന്നുമില്ലാത്ത കിളവന്‍സിനു മുന്‍പില്‍ തന്റെ അപാര പാണ്ഡിത്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യാം. അമ്മിണിയമ്മയുടെ വീട്ടിലെ പശുവിന്റെ പ്രസവം തുടങ്ങി അമേരിക്കന്‍ പ്രസിഡന്റിന്റെ പിറന്നാള്‍ ആഘോഷം വരെ ചര്‍ച്ചാവിഷയമായി ഉണ്ടാവും. തന്റെ അപാര പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയായിത്തന്നെ അച്ഛന്‍ ആ ചായക്കടയെ കണ്ടുപോന്നു. അവിടെ നിന്ന് കിട്ടുന്ന ഓരോ ന്യൂസും വള്ളി പുള്ളി തെറ്റാതെ തന്റെ സഹധര്‍മ്മിണിക്ക് വിളമ്പിക്കൊടുക്കുക എന്ന ധീരകൃത്യവും മാധവന്‍ നായര്‍ എന്ന എന്റെ അച്ഛന്‍ ചെയ്തു പോന്നിരുന്നു . അങ്ങനെ അന്നത്തെ ചര്‍ച്ചയിലെ മുഖ്യ കഥാപാത്രം ഒരു പിച്ചക്കാരനായിരുന്നു. നാട്ടില്‍ സുലഭമായി പിച്ചക്കാരുള്ള കാലമായതുകൊണ്ടാവാം വടിയമ്മാവന്‍ എന്നാണു അച്ഛന്‍ അയാളെ കളിയാക്കിയിരുന്നത് .

വന്നു കേറിയ പാടെ അച്ഛന്‍ വാമഭാഗത്തിനോടു പറഞ്ഞു. “എടോ താനറിഞ്ഞോ , നമ്മുടെ വടിയമ്മാവന്‍ ഇന്നലെ രാത്രി വടിയായത്രെ. പിന്നെന്താണെന്നു വെച്ചാല്‍ അങ്ങേരുടെ മടിശ്ശീലയില്‍ നിന്നും നാലായിരത്തോളം രൂപ കിട്ടിയെന്ന്. പിന്നെ ഒരു ബാങ്ക് പാസ്സ് ബുക്കും. കേമന്റെ ബാങ്ക് ബാലന്‍സ് എത്രയാണെന്നറിയുമോ? രണ്ടു ലക്ഷം രൂപയോളം വരും. “


കേട്ട് തീര്‍ന്നപ്പോഴേക്കും പതിവ് തെറ്റാതെ താടിക്കു വിരല്‍ ചേര്‍ത്ത് കഴിഞ്ഞിരുന്നു മീനുവമ്മ. “ ഇതൊക്കെ അങ്ങേരു തെണ്ടി ഉണ്ടാക്കിയതാണെങ്കില്‍ നാളെ മുതല്‍ ഞാനും ഈ പണിക്ക് ഇറങ്ങിയാലോ മാഷേ ? ഒരു പെങ്കൊച്ചുള്ളതിനെ കെട്ടിച്ചു വിടാറാകുമ്പോള്‍ എന്തെങ്കിലും കയ്യിലുണ്ടാകുമല്ലോ”.


ഞാനപ്പോള്‍ വടിയമ്മാവനെപ്പറ്റി ആലോചിക്കുകയായിരുന്നു. കാലം മുടിയിഴകളില്‍ കുറച്ചു ചായം തേച്ചിട്ടുണ്ടെങ്കിലും കാലനെ അടുത്തൊന്നും അടുപ്പിക്കില്ല എന്ന് പറയുന്ന ശരീരമായിരുന്നു വടിയമ്മാവന് . സാമാന്യം പൊക്കവും വണ്ണവും കീറി പറഞ്ഞ കൂറ ലുങ്കിയും മേല്‍മുണ്ടും സഞ്ചിയും കയ്യില്‍ ഒരു വടിയും, വടി അമ്മാവനെയാണോ അമ്മാവന്‍ വടിയെയാണോ താങ്ങുന്നത് എന്ന് പറയാന്‍ പറ്റാത്ത നടപ്പും കൂടെയായാല്‍ വടിയമ്മാവനായി . വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ക്കിടകത്തിലെ ഒരു തൃസന്ധ്യ നേരത്താണ് ആദ്യമായി മൂപ്പിലാന്‍ വീട്ടില്‍ കയറി വരുന്നത് . പിച്ചക്കാരെ കണ്ടാല്‍ വാളെടുത്തിരുന്ന അച്ഛനെ കാണാതെ അമ്മ തന്ന ഒരു രൂപയും കൊണ്ട് പിറകു വശത്തുകൂടെ ഞാന്‍ അങ്ങേരുടെ അടുത്തെത്തി. ഞാന്‍ കൊടുത്ത ഒരു രൂപ അവജ്ഞയോടെ തറയിലേക്ക് വലിച്ചെറിഞ്ഞിട്ട് മൂപ്പരൊരു കാച്ചു കാച്ചി. അഞ്ചു രൂപയില്‍ കുറവ്‌ ഞാന്‍ വാങ്ങിക്കാറില്ല എന്ന് . കഷ്ട്ടകാലം മാധവന്‍ നായരുടെ രൂപത്തില്‍ അതും കേട്ടുകൊണ്ടു വരുമെന്ന് പാവം വടിയമ്മാവനുണ്ടോ അറിയുന്നു. പറയാവുന്ന ചീത്ത മുഴുവന്‍ പറഞ്ഞ സന്തോഷത്തില്‍ അച്ഛനും കുറേക്കാലത്തേക്ക് ഭക്ഷണം കഴിക്കേണ്ടാത്ത വിധം വയറു നിറഞ്ഞ സന്തോഷത്തില്‍ വടിയമ്മാവനും രംഗം കാലിയാക്കിയപ്പോള്‍ തറയില്‍ വീണ ഒരു രൂപ തിരയുകയായിരുന്നു ഞാന്‍. പോയ പോക്കില്‍ അമ്മാവന്‍ കിട്ടിയതും കൊണ്ടാണു പോയതെന്നു ഞാനെങ്ങനറിയാന്‍....


ഇത്രയും പറഞ്ഞപ്പോള്‍ നിങ്ങള്‍ വിചാരിച്ചു കാണും വടിയമ്മാവന്‍ പിന്നെ വീട്ടിലേക്കു കാലെടുത്തു കുത്തിക്കാണില്ല എന്ന്. എവിടുന്ന്..... കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ദാ വരുന്നു മൂപ്പിലാന്‍ വീണ്ടും. മാധവന്‍ നായരില്ലെന്നു ഉറപ്പു വരുത്തി അങ്ങനെ ഒരുപാട് തവണ ആശാന്‍ വന്നും പോയുമിരുന്നു.


ഒരു വെള്ളിയാഴ്ച, ശരീര സുഖമില്ലാത്ത കാരണം അച്ഛന്‍ അന്ന് വീട്ടിലുണ്ടായിരുന്നു. പമ്മിപ്പമ്മി എത്തിയ വടിയമ്മാവന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചുകൊണ്ട് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് അച്ഛന്‍ തന്നെയായിരുന്നു. “ എല്ലാ ആഴ്ചയും കയറി വന്നു കാശു വാങ്ങാന്‍ ഇതെന്താ തന്റെ തറവാടാണോ “ അച്ഛന്റെ ശബ്ദം വല്ലാതെ ഉയരുന്നതു കേട്ടാണ് ഞാനോടി മുറ്റത്ത്‌ വന്നത്. അപ്പോള്‍ വടിയമ്മാവന്‍ ശാന്തനായി പറഞ്ഞു . “ സാറങ്ങിനെ പറയരുത്. എല്ലാ ആഴ്ചയിലൊന്നും ഞാന്‍ വരാറില്ല . ഇരുപതു ദിവസം കൂടുമ്പോഴാണ് ഞാന്‍ ഒരു ഏരിയയില്‍ വരുന്നത്. ഇതൊന്നു നോക്കിയേ ” മടിക്കുത്തില്‍ നിന്നുമൊരു കടലാസെടുത്തു കാണിച്ചു കൊണ്ട് വടിയമ്മാവന്‍.


“ശിവ ശിവ വന്നു വന്നു പിച്ചക്കാര്‍ക്കും ടൈം ടേബിളോ ! ” അമ്മയുടെ ആത്മഗതത്തില്‍ അച്ഛന്റെ ദേഷ്യം ഒരു മഞ്ഞുമല പോലെ അലിഞ്ഞിറങ്ങുന്നതും അതൊരു പൊട്ടിച്ചിരിയിലേക്ക് വഴിഞ്ഞൊഴുകുന്നതും ഞാനറിഞ്ഞു....

Wednesday, April 18, 2012

നീ ...........ചില കുറിപ്പുകള്‍


1. നീ എന്നോടു പറയരുതായിരുന്നു മൌനത്തിനു ഈണമുണ്ടെന്നു
പുഴകള്‍ പാടുമെന്നു
ഹൃദയതാലത്തില്‍ താളമുണ്ടെന്നു
എന്നില്‍ മോഴിയരുതായിരുന്നു
സ്നേഹം വികാരമാണെന്ന്‍ .....
കണ്ണുകള്‍ ചിത്രം വരക്കുമെന്ന്‍..
മനസ്സിനു കാഴ്ചയുണ്ടെന്ന്‍...
ഇനി  എനിക്ക് ചിരിക്കാതെ വയ്യ ....
കരയാതെ വയ്യ ...
പ്രണയിക്കാതെ വയ്യ ....
വേദനിക്കാതെ വയ്യ ...
വേണ്ടായിരുന്നു .....മരവിച്ച മനസ്സോടെ നിര്‍ജീവ സമുദ്രത്തില്‍ ഞാനെന്റെ ലോകം കണ്ടേനെ ......
പക്ഷെ നീ എന്നെ മനുഷ്യനാക്കിയിരിക്കുന്നു ...

2. മറക്കാന്‍ കഴിയുമോ നീ എന്നില്‍ വര്‍ഷിച്ച പ്രണയത്തിന്റെ വീണാനാദം ...
    മറക്കാന്‍ കഴിയുമോ നിന്റെ പുഞ്ചിരിയില്‍ അലിഞ്ഞുപോയ ജീവിതത്തിന്റെ ഇരുള്‍ .....
 മറക്കില്ല....... നീ എന്റെ ഹൃദയ തന്ത്രിയില്‍ വീണാനാദമായി എന്നുമുണ്ട്.....


.3 ഇളം മഞ്ഞുള്ള നനുത്ത പ്രഭാതത്തിനും  അസ്തമയ സൂര്യന്റെ അരുണാഭ വദനത്തിനും നിന്നോളം സൌന്ദര്യമുണ്ടാവും......
    പക്ഷെ നീയെനിക്കു നല്‍കിയ പ്രണയത്തിന്റെ തീക്ഷ്ണത....................സ്നേഹത്തിന്റെ മാസ്മരലോകം ............. ഇവയൊന്നും അവയ്ക്കു സ്വന്തമല്ലല്ലോ .....


4. നീ എനിക്കെല്ലാമായിരുന്നു .....
   രാത്രിമഴയുടെ ഭീകരതയില്‍ നീ എനിക്കു സാന്ത്വന സ്പര്‍ശമുള്ള താരാട്ടായിരുന്നു.......
   വേനലില്‍ സ്നേഹത്തിന്റെ വര്‍ഷമായ്‌ ....തീരമറിയാത്ത കടലില്‍ പതിച്ചപ്പോള്‍ സൌഹൃദത്തിന്റെ തോണി തുഴഞ്ഞെത്തിയത്  നീയായിരുന്നു .......
   മരുഭൂമിയില്‍ നീ വിരിയിച്ചത് മരുപ്പച്ചയല്ല വസന്തം തന്നെയായിരുന്നു ....
   ഹൃദയ വിശുദ്ധിയുടെ തണുപ്പുള്ള , നിഷ്ക്കളങ്കതയുടെ, പ്രതീക്ഷയുടെ , ആത്മാര്‍ത്ഥതയുടെ, നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ വസന്തം......


5. ഇനി ഓര്‍മ്മകളുടെ നേര്‍ത്ത നോവും പേറി ഇന്നലെകളിലേക്ക് മടങ്ങാന്‍ വയ്യ ....
    ആകാശം കാണാത്ത മയില്‍പ്പീലി പോലെ നീയെന്ന ദീപത്തെ ഞാനെന്റെ മനസ്സിന്റെ പുസ്തകത്താളില്‍ സൂക്ഷിച്ചു ....
   വിട്ടയയ്ക്കാം  നിന്നെ..... പക്ഷെ നീ എന്നിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പിന്നെയെന്‍ പ്രകൃതിയില്‍ വസന്തമില്ല.... പ്രണയചൂടു പകരും വേനലില്ല...
    ശിശിരം മാത്രം..... മനസ്സു മരവിപ്പിയ്ക്കുന്ന തണുപ്പ് ....  ചലനമില്ലാത്ത രൂപത്തിന്റെ പ്രണയം പോലെ നിര്‍ജ്ജീവത....


6. ഉഷസ്സിന്റെ പ്രഭയില്‍ മതിമറന്ന് നിന്നെ ആദ്യമായി പ്രണയിച്ച, ആദ്യമായി നെറുകയില്‍ ചുംബിച്ച, നിസ്വാര്‍ത്ഥമായി  സ്നേഹിച്ച ആ പാവം മഞ്ഞുതുള്ളിയെ നീ മറന്നോ .....?
    പാവം...... മണ്ണോടു മണ്ണ്  ചേര്‍ന്നു. അല്ലെങ്കില്‍ കണികകളായി ലയിച്ച്  ഇല്ലതെയായപ്പോഴും അത് ആഗ്രഹിച്ചത്‌ പുനര്‍ജനിയായിരുന്നു.... വെറും ജലത്തിലൂടെയല്ല..... നിന്നില്‍ ഉറങ്ങുന്ന, ആത്മാവിനെ അറിയുന്ന, സൂര്യതാപത്തില്‍ വേവുന്ന നിന്നില്‍ പെയ്യുന്ന വര്‍ഷമായിട്ട് ......
   എന്നെങ്കിലും നീ തിരിച്ചറിയുമോ....ആ സ്നേഹത്തെ......?


7. പുഴയുടെ ഭീകരതയിലും എനിക്ക് അക്കരെ കടന്നേ മതിയാകു..... ഇനിയും വൈകിയാല്‍ ഉഷസ്സിന്റെ വെള്ളിവെളിച്ചം നിന്നില്‍ പതിച്ചാല്‍.... നിന്റെ മിഴികള്‍ തുറന്നാല്‍ ..... നിന്റെ മുന്‍പില്‍ കണികാണാന്‍ ആഗ്രഹിക്കുന്ന ചെമ്പകപ്പൂക്കളെ ഒരുക്കാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍.....
   ഓര്‍ക്കുവാന്‍  വയ്യെനിക്ക്......
   എന്റെ കയ്യില്‍ ഞെട്ടറ്റ കേവലം പൂക്കള്‍  മാത്രമല്ല.... എന്റെ മനസ്സിന്റെ മോഹവുമുണ്ട് .... വാടിയ പൂക്കളിലെ ഒരിക്കലും വാടാത്ത പ്രണയത്തിന്റെ സുഗന്ധമുണ്ട് .....


8. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും എന്റെ കണ്ണുകളില്‍ പെയ്യുന്നത് മഴമേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന  നേര്‍ത്ത നിലാവാണ്‌ ..... എവിടെയൊക്കെയോ അതിനു നിന്റെ ഭംഗി ...... നിഷ്ക്കളങ്കമായ ഒളിച്ചുനില്‍ക്കല്‍ .....
    ചിലപ്പോള്‍ ഹൃദയത്തില്‍ തൊടുന്ന ആ പുഞ്ചിരി...
    വേദനയില്‍ കത്തിയമര്‍ന്ന നിലവിളക്കിന്റെ ഇരുളിമ..... മാറിക്കൊണ്ടിരുന്നാലും എന്നില്‍ വേലിയേറ്റമുണര്‍ത്തുന്ന ഭാവമാറ്റങ്ങള്‍ ....
   നീ ഒരു നിലാവാണ്‌..... എന്റെ വേദനയുടെ വിഷജലത്തെ അലിയിക്കുന്ന പാല്‍ പോലെ വെളുത്ത, കളങ്കമില്ലാത്ത നറുംനിലാവേ  പറയൂ ഞാന്‍ നിന്നെ പ്രണയിക്കുന്നോ ...........?


9.വേഗം നടക്കുക..പേമാരി വരുന്നുണ്ട്.... സ്നേഹത്തിന്റെ ഈ വാഴയിലകള്‍ നിനക്ക് കുടയായി  വിരിച്ചിരിക്കുമ്പോള്‍ നീ നനയില്ല....
   എങ്കിലും വേഗം നടക്കുക .....ചിലപ്പോള്‍ ദൂരമാകുന്ന കാറ്റ് ഈ ഇലകളെ കീറിയേക്കാം . അതിനു മുന്‍പ് നമുക്കവിടെ എത്തണം. അവിടെ ഞാന്‍ നിനക്കായി പണിതീര്‍ത്ത ആ കൊച്ചു വള്ളിക്കുടിലിലേക്ക്.........  അവിടെ നിന്നെ പുതപ്പിക്കാന്‍ എന്റെ ഹൃദയധമനികളാല്‍ ഞാന്‍ നെയ്ത  ചുടുരക്തതിന്റെ ഇളം ചൂടുള്ള കരിമ്പടമുണ്ടാവും.....
    സുഖമായി ഉറങ്ങുക ............


10. എനിക്കു നിന്റെ പ്രണയം ആവശ്യമില്ല.....
     നിന്റെ സൌന്ദര്യം ആവശ്യമില്ല .......
     സ്വപ്നങ്ങളും വേണ്ട ......
     നിന്റെ ആലിംഗനമോ ച്ചുംബനമോ ഞാന്‍  ആഗ്രഹിക്കുന്നില്ല ......
     പക്ഷെ നിന്റെ വേദനകളെ എന്നിലേക്ക് നല്‍കുക .... എന്റെ പ്രണയത്തിന്റെ ചൂടില്‍  
     ഞാനവയെ എരിക്കട്ടെ.....
     കാരണം എന്നില്‍ പ്രണയം ഇനിയും  മരിച്ചിട്ടില്ലെന്നു തിരിച്ചറിയാന്‍ എനിക്കു നിന്റെ  വേദനകളെ സ്വന്തമാക്കണം......


11. നിന്റെ സ്നേഹത്തിന്റെ പെരുമഴ എന്നില്‍ പെയ്തിറങ്ങിയപ്പോഴാണ്  ഞാനുണര്‍ന്നത്  ....... ... ഒരു ചിത്രശലഭത്തെപ്പോലെ  പവിഴക്കൂട്ടില്‍ നിന്നും പുറത്തുവന്നത് ...
     എന്നിലെ സ്നേഹം മറ്റുള്ളവരിലേക്ക് പകരാന്‍...... അന്ന് ആ മഴ പെയ്തില്ലായിരുന്നെങ്കിലോ...........?


12. നിന്റെ ആ ഹൃദയം തേടിയായിരുന്നു ഞാന്‍ കാതങ്ങള്‍ പിന്നിട്ടത് ..........
      അത് ഞാന്‍ കണ്ടെത്തിയപ്പോഴേക്കും നീ എന്നില്‍ നിന്നും പോയ്‌മറയുകയായിരുന്നു ......എങ്കിലും ഞാന്‍ കാത്തിരിക്കും . എവിടെയെങ്കിലും ഒരു പൂമൊട്ടായി നീ വിരിയാതിരിക്കില്ല അല്ലേ ......?

13.എല്ലാം തുടങ്ങുന്നത് നിന്നിലാണ് ........ അവസാനിക്കുന്നതും ....

                          എല്ലാം നീയാണ്.

                          പെയ്തു തോര്‍ന്നതെല്ലാം......
                          പെയ്തു കൊണ്ടിരിക്കുന്നതെല്ലാം..... 
             ഇനി    പെയ്യാനുള്ളതെല്ലാം...... നിന്‍റെ   ഓര്‍മ്മയുടെ മഴത്തുള്ളികള്‍ ....

ഒരിക്കലും നിലക്കാതെ  എന്നില്‍   നിറയുന്നത്  നിന്‍റെ  സ്നേഹത്തിന്‍റെ  സംഗീതം മാത്രം...
                              ജീവ വായു പോലെ ... ഇരുളില്‍  വഴിയറിയാതെ പകച്ചു നിന്നവള്‍ക്ക്  മുന്നിലെത്തിയ  മിന്നാമിനുങ്ങ് പോലെ ....

                          ഒരിത്തിരി വെളിച്ചം .. കാലിടറുമ്പോള്‍  ഒരു കൈത്താങ്ങ്‌ .... അതാണ് നീ തന്ന നിമിഷങ്ങള്‍...

ഈ ഓര്‍മ്മകള്‍ ... ഇനിയെനിക്ക്  അതുമതി ......                           

Tuesday, April 17, 2012

മഞ്ഞ മന്ദാരങ്ങള്‍                     പുറത്ത് ഇരുട്ടിൽ തിമിർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി കാറിന്റെ മഞ്ഞവെളിച്ചവും പ്രതീക്ഷിച്ച് ഗൗരി പൂമുഖപ്പടിയിൽ ഇരുന്നു. സമയം എട്ടരയോളമാവുന്നു. ഈ വേണുവേട്ടൻ എന്തേ ഇത്ര വൈകുന്നു ? ഇങ്ങെത്തുമ്പോഴേക്കും ഗേറ്റു തുറന്നു കൊടുത്തില്ലെങ്കിൽ എന്താണു പറയുക എന്നു ഒരു നിശ്ചയവുമില്ല. ശണ്ഠ ഒഴിവാക്കാനായി താനൊന്നും പറയുന്നില്ല എന്നെയുള്ളൂ. ഉള്ളിൽ അമർഷം അലയടിക്കുമ്പോഴും താൻ വേണുവേട്ടനെ എതിർത്തു സംസാരിക്കാറില്ലല്ലോ. ചിലപ്പോഴൊക്കെ തോന്നും ബാംഗ്ലൂർ ഉപേക്ഷിച്ചു നാട്ടിലേക്കു തന്നെ മടങ്ങിയാലോ എന്ന്. പക്ഷെ നല്ല ലാഭമുള്ള ബിസിനസ്സ് ഉപേക്ഷിച്ചു മടങ്ങാൻ വേണുവേട്ടനു മനസ്സു വരുന്നില്ലല്ലോ. പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ ആർക്കു വേണ്ടിയാണിങ്ങനെ സമ്പാദിക്കുന്നതെന്നോർക്കുമ്പോൾ……….!    യഥാർത്ഥത്തിൽ ഒരു കുഞ്ഞില്ലാത്ത  ദുഖം മറയ്ക്കാനല്ലേ അദ്ദേഹം തിരക്കുകളിൽ നിന്നും  തിരക്കുകളിലേക്ക്  ഊളിയിട്ട്……………

                   പുറത്തു മന്ദാരപ്പൂക്കൾ  മഴവെള്ളം നിറഞ്ഞു കൂമ്പി നിന്നു. മഞ്ഞ മന്ദാരങ്ങള്തനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നല്ലോ. പണ്ട് കുട്ടിക്കാലത്ത് തറവാട്ടിലെ പിന്നാമ്പുറത്തു ഒരുപാട് മന്ദാരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു ചെറിയമ്മായി. വിടര്ന്നു നില്ക്കുന്ന മന്ദാരങ്ങള്കാണുമ്പോള്അമ്മ എന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നുന്നു ഗൌരീ എന്ന് വേണുവേട്ടന്പറയാറുണ്ട്. കുഞ്ഞമ്മാവന്മരിച്ചതില്പിന്നെ അമ്മായിയും വേണുവേട്ടനും തറവാട്ടിലേക്ക്  പോന്നു. "അവളുടെ കാര്യം നോക്കാനിനി നമ്മള്അല്ലാതെ  വേറെ ആരുമില്ലല്ലോ" എന്ന് മാത്രമേ അച്ഛന്പറഞ്ഞുള്ളൂ.  വേണുവേട്ടനന്നു പത്തു വയസ്സോളമുണ്ടാകും. തനിക്കു ഏഴും. വള്ളിനിക്കറുമിട്ടു ഒരു കൈ വായിലും മറുകൈ അമ്മായിയുടെ നേര്യതിന്റെ തുമ്പിലും പിടിച്ചു ചാടിച്ചാടി വന്ന പയ്യനെ കണ്ടപ്പോള്ദേഷ്യമാണ് തോന്നിയത്. തനിക്കു കിട്ടേണ്ട സ്നേഹത്തിന്റെ പങ്കുപറ്റാന് വന്നവൻ. അച്ഛന്റെ പലഹാരപ്പൊതികളില്നിന്നും പകുതി വേണുവേട്ടന്റെ നേരെ നീളുന്നത് പതിവായപ്പോള്ഉള്ളില്പകമൂത്തൂ. ഈ ചെറുക്കനെ ഇവിടന്നു ഓടിക്കാതെ പറ്റില്ല്യല്ലോ എന്ന് മനസ്സില്വിചാരിച്ചു. അതിനു വേണ്ടി തന്നെയല്ലേ വാല്ല്യക്കാരത്തി അമ്മിണിയുടെ മകന്അയ്യപ്പനേയും കൂട്ട് പിടിച്ചു തെക്കേ മുറ്റത്തെ മാഞ്ചോട്ടില്കെണിയൊരുക്കിയത്. ഊഞ്ഞാലിന് താഴെ രണ്ടടി  താഴ്ച്ചയുള്ള ഒരു കുഴി. അതില്കുപ്പിച്ചില്ലും കാരമുള്ളും നിറയ്ക്കുമ്പോള്തനിക്കെന്തു സന്തോഷമായിരുന്നു. എന്നിട്ട് കപട സ്നേഹത്തോടെ   വേണുവേട്ടന്റെ അടുത്തുചെന്നു കൈയിലിരുന്ന ഉണ്ണിയപ്പം നീട്ടി "കുട്ടിക്ക് വേണോ ഇത് " എന്ന് ചോദിച്ചപ്പോല്പിന്നില്ഒരു ചതിയുണ്ടെന്ന് വേണുവേട്ടന് ഓർത്തുകാണുമോ....?

ഗൌരീ താനെന്തെടുക്കാ .....? എത്ര നേരമായി ഹോണടിക്കുന്നു. സഹി കെട്ടപ്പോള്‍ ഞാനിറങ്ങി  ഗേറ്റ് തുറന്നു .
നനഞ്ഞുകുളിച്ച് കാറിന്റെ ഡോറടച്ചുകൊണ്ട്  വേണുവേട്ടന്‍.

ഗേറ്റ് ആവശ്യമില്ലാതെ തുറന്നിടരുതെന്നു പറഞ്ഞിട്ടല്ലേ ....അല്ലെങ്കില്‍ ഞാനിത് നേരത്തേ തുറന്നിട്ടേനെ.
ഗൌരി ടവ്വലെടുക്കുന്നതിനിടയില്‍ പറഞ്ഞു .എന്തോ മറുപടിയുണ്ടായില്ല. ദാ ഇപ്പോള്‍ ചായയെടുക്കാം അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ ഗൌരി ഓര്‍ത്തു . എന്തു  പറ്റിയാവോ വേണുവേട്ടന് ! . സാധാരണ വന്നയുടനെ ഓഫീസിലെ പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുകയാണ്  പതിവ് .തനിക്കിതിലൊന്നും താല്പര്യമില്ലെന്ന് അറിയാതെയല്ല . തങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാവാം . മറ്റു വിഷയങ്ങള്‍ സംസാരിച്ചാല്‍ തന്നെയും പതിവ് പോലെ ഒരിടത്താണെത്തിച്ചേരുക. താലോലിക്കാന്‍,  നെഞ്ചില്‍ചേര്‍ത്തു ഓമനിക്കാന്‍ ഒരു കുഞ്ഞ് . അതുകൊണ്ടുതന്നെ തങ്ങള്‍ മനപ്പൂര്‍വ്വം ഒന്നും ഓര്‍ക്കാറില്ല . രണ്ടുപേരുടെയും മനസ്സിലെ സ്വകാര്യ ദു:ഖമായി എന്നോ അതു മാറിക്കഴിഞ്ഞു .

             ചായക്ക്‌ വെള്ളം വെക്കുമ്പോള്‍ പിന്നില്‍ നിന്നും വിളി കേട്ടു . എടോ ഞാനൊന്ന് ട്രാവല്‍സ് വരെ പോയി വരാം . നാട്ടിലേക്ക് രണ്ട് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണം . നമുക്ക് നാട്ടിലേക്കൊന്നു പോയി വരാം ഗൌരീ. ഈ തിരക്കുകള്‍ക്കിടയില്‍ കിടന്ന് വല്ലാതെ ശ്വാസംമുട്ടിത്തുടങ്ങി. എല്ലാത്തിനും ഒരു യാന്ത്രികത. കുറച്ചുനാള്‍ സമാധാനമായി അമ്മയുടെ കൂടെ.....

ചായ കുടിച്ചില്ല.. താന്‍ വേവലാതിപ്പെട്ടു .

വന്നിട്ടാവാം. ഇനിയും വൈകിയാല്‍ ടിക്കറ്റ്‌ കിട്ടിയെന്നു വരില്ല .

           വേണുവേട്ടന്‍ തിരക്കിട്ടിറങ്ങിപ്പോയപ്പോള്‍ ഗൌരി പിന്നെയും ഓര്‍മകളിലേക്ക് മടങ്ങി . എത്ര മാറിപ്പോയിരിക്കുന്നു വേണുവേട്ടന്‍ . പക്ഷെ പണ്ടത്തെ സ്നേഹത്തിനുമാത്രം ഒരു കുറവുമില്ല. അന്ന് താന്‍ നീട്ടിയ ഉണ്ണിയപ്പം വാങ്ങി പകുതി തനിക്ക് തന്നെ തിരിച്ചുതന്നു വേണുവേട്ടന്‍. ഊഞ്ഞാലാടാന്‍ വിളിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ ഓടിവന്നു. അയ്യപ്പന്‍റെ കെണി പിഴച്ചില്ല. വേണുവേട്ടന്റെ  കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത്‌ ചെറിയമ്മായി തന്നെയാണ് . കുഴിയില്‍ നിന്നും വലിച്ചുകയറ്റിയപാടെ  നെഞ്ചത്ത്‌  കൈവെച്ചുപോയി  അവര്‍ . ദേഹത്തു മുഴുവന്‍ കുപ്പിച്ചില്ലും കാരമുള്ളും . ഓരോന്നും വലിച്ചെടുത്തപ്പോള്‍ കുതിച്ചൊഴുകിയ ചോര കണ്ടപ്പോഴേ തനിക്ക് ചെയ്തതിന്റെ ഗൌരവം പിടികിട്ടിയുള്ളൂ . ഉടന്‍ തന്നെ വേണുവേട്ടനെ രാമന്‍ വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോകുകയാണുണ്ടായത്.

              മുറിയില്‍ പതുങ്ങിയിരിക്കുമ്പോള്‍ അച്ഛന്റെ വിളി വന്നു . ഗൌരീ ഇവിടെ വരൂ ..... പ്രതീക്ഷിച്ചതാണ് . ഇനി പൊതിരെ കിട്ടും അടി . പേടിച്ചുവിറച്ച് നില്‍ക്കുമ്പോള്‍ ആദ്യത്തെ ചോദ്യം വന്നു. എന്താ വേണുവിന് പറ്റിയത് ? അവനെങ്ങിനെയാ കുഴിയില്‍ വീണത്‌ ? വേഗം പറഞ്ഞില്ലെങ്കില്‍ ഈ ചൂരല്‍ കൊണ്ട് കിട്ടും നിനക്ക് .

ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ കാലുതെറ്റി വീണതാ അമ്മാവാ . ഞാനും അയ്യപ്പനും കൂടി കണ്ടന്‍ പൂച്ചയെ പിടിക്കാന്‍ വെച്ച കെണിയാ .. അടി പ്രതീക്ഷിച്ചു നില്ക്കുമ്പോളാണത് കേട്ടത്.  നോക്കുമ്പോള്‍ വേണുവേട്ടന്‍ . ദേഹത്തുമുഴുവന്‍ വെള്ളയും പച്ചയും നിറങ്ങള്‍. ചിലയിടത്ത് ചെറുതായി വീര്‍ത്തിട്ടുമുണ്ട്.  പച്ചമരുന്നില്‍ മുക്കി കെട്ടിയ തുണിയാണ് ദേഹം മുഴുവനും . താനന്നാ മുഖത്തു നോക്കി ചോദിച്ചു . നല്ലോണം  വേദനിക്കണുണ്ടോ?
ഇല്ലെന്നു ചിരിച്ചുകാട്ടി വേണുവേട്ടന്‍ . അതില്‍ പിന്നെ താനെപ്പോഴും വേണുവേട്ടന്റെ  അരികിലുണ്ടായിരുന്നു. മുറിവുണങ്ങിയിട്ടും താനത് തുടര്‍ന്നു.

                ബാല്യകാലത്ത് തോന്നിയ ആ ഇഷ്ട്ടം പിന്നീടെപ്പോഴാണ് പ്രണയത്തിന് വഴിമാറിയത് എന്നറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം വേണുവേട്ടനില്ലാതെ ഒരു നിമിഷം പോലുമില്ലായിരുന്നു. തന്റെ സ്വപ്നങ്ങളില്‍ പോലും വേണുവേട്ടന്‍  നിറഞ്ഞു തുടങ്ങിയത് എന്നാണ് ? ഒരിക്കല്‍ രാധയുടെ വിവാഹത്തിന്റന്ന്  വേണുവേട്ടന്‍ കളിയായി ചോദിച്ചു. ഇനിയെന്നാ ഗൌരീടെത്‌ ? തനിക്കും പ്രായമായീട്ടോ. അമ്മാവനോട് ഞാന്‍ പറയുന്നുണ്ട് തനിക്കൊരു ചെറുക്കനെ കണ്ടുപിടിക്കാന്‍  താനപ്പോള്‍  ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. എന്റെ വേണുവേട്ടനുള്ളപ്പോള്‍  എനിക്കെന്തിനാ വേറൊരു ചെറുക്കന്‍? ഞാന്‍ വേണുവേട്ടനെയേ കെട്ടു. ഇല്ലെങ്കില്‍ ഈ ഗൌരിയില്ല  അന്നാ മുഖത്തുണ്ടായ തിളക്കം നാണിച്ചോടുന്നതിനിടയില്‍ താനൊരുനോക്ക് കണ്ടു . അറിഞ്ഞപ്പോള്‍ വീട്ടിലെല്ലാവര്‍ക്കും സമ്മതം. അല്ലെങ്കിലും അവരു തമ്മിലെന്താ ചെര്‍ച്ചക്കുറവ് ? ശിവനും പാര്‍വതിയും പോലെയല്ലേ ? എന്തായാലും നന്നായി . അവരെ പിരിക്കേണ്ടി  വരുമോ എന്നൊരു സംശയമുണ്ടായിരുന്നു . പക്ഷെ അവരെന്റെ മനസ്സറിഞ്ഞു എന്ന് പറഞ്ഞുവത്രേ അച്ഛന്‍ .

             ആഘോഷപൂര്‍വമാണ്  വിവാഹം നടന്നത് . ബാംഗ്ലൂരില്‍  പുതിയ ബിസിനസ്സ് തുടങ്ങിയപ്പോള്‍ തനിക്കെന്ത്  ഉത്സാഹമായിരുന്നു. പക്ഷെ ഇവിടെ എത്തി ഒരുമാസം കഴിയുന്നതിനുമുമ്പു തന്നെ താനിവിടം വെറുത്തു  തുടങ്ങി. ഇപ്പോഴും തനിക്ക് നാടല്ലേ ഇഷ്ട്ടം .

ടിക്കറ്റ്‌ കിട്ടാന്‍ ബുദ്ധിമുട്ടി. എന്താ തിരക്ക്‌. ഇന്നു രാത്രി നമ്മുടെ ഉറക്കം പോയി ഗൌരീ .രാവിലെ അഞ്ചരയ്ക്കാണ്  ബസ്സ്. ട്രെയിനിലാണേല്‍  ഒറ്റ ടിക്കറ്റ്‌ പോലുമില്ല. ഭക്ഷണം കഴിച്ചിട്ട് പാക്കിംഗ് തുടങ്ങണം.താന്‍ അത്താഴം എടുത്തു വെയ്ക്ക് . ഞാനൊന്നു കുളിച്ചിട്ടു വരാം.  വേണുവേട്ടന്‍ വന്നു കയറിയപ്പോഴാണ് തനിക്ക് പരിസരബോധം  വീണ്ടുകിട്ടിയത് .
പിന്നെയാകെ ഒരു വിമ്മിഷ്ട്ടമായിരുന്നു. എത്ര നാളുകള്‍ക്കു ശേഷമാണ്  താന്‍ നാട്ടിലേക്ക് .ഇപ്പോളവിടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാവുമോ എന്തോ ? തറവാടിന്റെ തെക്കിനി പൊളിച്ചു എന്ന് അമ്മയുടെ കത്തിലുണ്ടായിരുന്നു. പിന്നെ നനുത്ത കുളിര്‍കാറ്റുപോലെ  കുറെയേറെ ഓര്‍മ്മകള്‍ ...... പൂവാലിപ്പശുവിന്റെ കിടാവുകള്‍, കാളിക്ഷേത്രത്തിനു പിന്നിലെ അരയാല്‍മരച്ചോട്, തറവാട്ടിലെ ഊഞ്ഞാല് , രാധയുടെ വീട്ടിലെ ഞാവല്‍മരം , തനിക്ക് പ്രിയപ്പെട്ട നീര്‍മാതളം, പിന്നെ താന്‍ ഒരിക്കലെങ്കിലും പൂത്തു കാണാന്‍ കൊതിച്ച ഇലഞ്ഞി, പണ്ട് ചെറുപ്പത്തില്‍ താനും വേണുവേട്ടനും കളിയായി കെട്ടി തൂക്കിയ ദേവി ക്ഷേത്രത്തിലെ മാവിന്‍കൊമ്പത്തെ തൊട്ടില്‍ അങ്ങനെ ഓരോന്നായി മനസ്സില്‍ തെളിയുകയായിരുന്നു പിന്നെ. പുറത്തു  മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു . തന്റെ മഞ്ഞമന്ദാരങ്ങള്‍ മഴതുള്ളിയേന്തി തന്നെ നോക്കി ചിരിക്കുന്നതായി  തോന്നി ഗൌരിയ്ക്ക് ...ഓര്‍മയുടെ മഞ്ഞു വീണു കുളിര്‍ന്ന പോലെ ....സ്മൃതിയുടെ തൂവലിനാല്‍ നനുത്ത സ്പര്‍ശമേറ്റതു പോലെ ...

ഗൌരി അടുക്കളയിലേക്കു നീങ്ങി . നാളത്തെ പകല്‍ കിനാവ്‌ കണ്ടുകൊണ്ട് .....   

Monday, February 27, 2012

സൗഹൃദപൂർവം...........

തണുത്ത പ്രഭാതങ്ങളിലും പൊള്ളുന്ന ചൂടിലും  കണ്ണുനീരിലും ഇരുട്ടിലും സ്വപ്നങ്ങളിലെ സുന്ദരനിമിഷങ്ങളിലും നീയായിരുന്നു മനസ്സു നിറയെ…………

നീ ആരായിരുന്നെന്നോ……………
എവിടെ നിന്നു വന്നിരുന്നെന്നോ…………….

അറിഞ്ഞിരുന്നില്ല …………………..

എങ്കിലും സൗഹൃദത്തിന്റെ ആദ്യദീപം മനസ്സിതെളിയിച്ചത് നീയായിരുന്നു………..

മനസ്സിലെ വൃന്ദാവനത്തിൽ വിരിഞ്ഞ പൂക്കൾക്കെല്ലാം നിന്റെ മുഖമായിരുന്നു………
അവിടെ പൊഴിയുന്ന നിലാവിന് നിന്റെ ശോഭയായിരുന്നു………..

നീ മുന്നിലൂടെ കടന്നുപോയ നിമിഷങ്ങൾ ……………..
പക്ഷികൾ കലപില കൂട്ടുന്ന ഉഷസ്സുകളിലും ……………………..
സാന്ദ്രമൗനത്തിന്റെ തൃസന്ധ്യകളിലും…………………….
വെയിൽ മാഞ്ഞ സന്ധ്യകളിലും…………………….

മനസ്സിന്റെ മണിച്ചെപ്പിൽ ഒരായിരം മഞ്ചാടിമണികൾ സമ്മാനിച്ച് ഒരു ജൻമം മുഴുവൻ ഒരു ഉത്തമ സുഹൃത്തായി നീ കൂടെയുണ്ടായിരുന്നെങ്കിൽ………………

ചില നേരങ്ങളിൽ നൊമ്പരമായി………………..
മറ്റു ചില നേരങ്ങളിൽ തൂവൽ സ്പർശമായി……………

എന്റെ നെഞ്ചിൽ നീയുണ്ട്…………………………

Sunday, February 26, 2012

എന്റെ ഓർമ്മകൾ………….


എന്റെ ഏകാന്ത രാത്രികളിൽ ഉയിർകൊണ്ട് , ഒടുവിലാരുമറിയാതെ വീണ്ടുമൊരു പുലരിക്കായി കാത്തുനിൽക്കാതെ ഇരുൾവീണുറങ്ങിയ നിശാഗന്ധിയാണെന്നോർമകൾ………
 
പുറത്തെ മഴ പോലെ ……… കനത്ത ഇരുൾ വീണ രാത്രി പോലെ……. എന്റെ മനസ്സും ശോകാർദ്രമാവുന്നു..

എല്ലാം ഒരു മഴയായിരുന്നു……….
ഒരിയ്ക്കൽ മാത്രം പെയ്തു തിമിർത്ത് നിനച്ചിരിക്കാതെ തോർന്നുപോയ സ്വപ്നമഴ……….

ഇനിയൊന്നുമില്ല ………..
സുഖദമാം കാത്തിരിപ്പില്ല…………
മധുരമുള്ള വാക്കുകളില്ല ………….
വർണ്ണ സ്വപ്നങ്ങളില്ല ……………

പൂവിൻ സുഗന്ധവും നിലാവിൻ അലകളും സ്വപ്ന സൗധങ്ങൾ തട്ടിയുടയ്ക്കാൻ തിരകളുമില്ല ……….

ഇനി ബാക്കിയുള്ളത് ശൂന്യത മാത്രം…………..

പിന്നെ മഷി പുരളാത്ത ഒഴിഞ്ഞ താളുകൾ അക്ഷരങ്ങൾക്കായി കാതോർത്തിരിക്കുന്ന പോലെ ഞാൻ മാത്രം…………………..

ഇത് എന്റെ മാത്രം നഷ്ട്ടങ്ങൾ…………….
മനസ്സിന്റെ ഇടനാഴികളിൽ കിടന്നു വീർപ്പു മുട്ടാൻ ഞാനനുവദിച്ച എന്റെ വേദനകൾ…………..

സുഖമുള്ള നൊമ്പരങ്ങൾ……………

Friday, February 24, 2012

എന്റെ സുഹൃത്തിന്....


നിന്നെ പരിചയപ്പെടുന്നതിനു മുൻപ് ഞാനറിഞ്ഞിരുന്നില്ല മഴക്കും കിളികൾക്കും മരങ്ങൾക്കും എന്തിനു പുൽത്തുമ്പിലെ ഹിമകണത്തിനു പോലും ഇത്രയേറെ പറയാനുണ്ടെന്നു……….

നീയാണെനിക്കു അവയുടെയെല്ലാം ഭാഷ മനസ്സിലാക്കിത്തന്നത് …………..

മനസ്സുകൾക്ക് ഭാഷയുടെ ആവശ്യമില്ല ആശയവിനിമയത്തിന് …….

നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാഎന്നെത്തന്നെ അറിയുകയായിരുന്നു …………..പൂക്കൾചിരിക്കുമെന്നും നക്ഷത്രങ്ങൺചിമ്മുമെന്നുംഎന്തിന് മഴത്തുള്ളികൾക്കു പോലും ഹൃതന്ത്രികളെ ഉലയ്ക്കാൻ ശക്തിയുള്ള സംഗീതമുണ്ടെന്നും  ഞാനറിഞ്ഞത് നിന്നിലൂടെയാണ് സ്വപ്നങ്ങളുടെ തേരേറി ഏതു മഴവിൽക്കൊട്ടാരവും കീഴടക്കാമെന്ന് എനിക്കു കാണിച്ചു തന്നതും നീയാണ് …………..

ഇനിയെത്രനാൾ……..? അറിയില്ല……….

 പ്രണയത്തിനേക്കാൾ കെട്ടുറപ്പ് സൗഹൃദത്തിനാണെന്ന് നിന്നിലൂടെയാണ് ഞാനറിഞ്ഞത് ……………..


ഒരു നല്ല സുഹൃത്തായി നീ കൂടെയുള്ളപ്പോൾ ഈ ലോകത്തെ ഞാനെന്നും  സ്നേഹിക്കും……….

Thursday, February 23, 2012

രാത്രിമഴ…


മഴ……മനസ്സിഒരേ സമയം വിവിധ വികാരങ്ങഉണർത്തുന്ന പ്രകൃതിയുടെ ഇന്ദ്രജാലം. പകപെയ്യുന്നതിനേക്കാരാത്രിമഴയെ ഞാനേറെ ഇഷ്ട്ടപ്പെടുന്നു.  രാത്രിമഴഒരു നനുത്ത കുളിരായി വന്ന് മാടപ്രാവുകളെ ഒരു ചിറകടിയിലാക്കുന്നു.

ജാലകവാതിലിലൂടെ എത്തിനോക്കി മനസ്സിലെ സ്നേഹവീണയിദേവരാഗമുണർത്തുന്നു..

 പിന്നെ ഇടയ്ക്കിടെ ശബ്ദകോലാഹലങ്ങലുണ്ടാക്കി ………ഒരു മിന്നലായ് വന്നു  ഭൂമിയുടെ സൗന്ദര്യം നോക്കി ……

സന്ധ്യയുടെ വിരഹദുഖമാണോ അവളുടെ തേങ്ങലാണോ പെയ്തു തോരുന്നത് ..? കാറ്റാകട്ടെ തന്റെ നനുത്ത വിരൽ കൊണ്ട് മുളങ്കൂട്ടങ്ങളെ ഉലയ്ക്കുന്നു…….

ഞാൻ ജാലകപ്പാളിയിലൂടെ പുറത്തേക്ക് കാതോർത്തു ……ഒരു ദേവസംഗീതം പോലെ ഇറ്റിറ്റു വീഴുന്ന നീർത്തുള്ളികളുടെ മൃദുമന്ത്രണം…… അവസാനം പുൽത്തകിടിയിലും തുമ്പോലകളിലും ഓർമക്കുറിപ്പുകളെഴുതി നീ ഭൂമിയെ പിരിയുമ്പോൾ വേർപാടിനു സാക്ഷിയായ പുലരി പോലും വിതുമ്പിയിരിക്കും……..

നിന്റെ ആഗമനം ആരെയാണ് തരളിതയാക്കാത്തത് …….?

നിന്റെ വിരലുകൾ ആരുടെ മനസ്സിലെ തന്ത്രിയിലാണ് സ്നേഹഗാനം മീട്ടാത്തത് ……

നിശാഗന്ധികൾക്കും പാതിരാപ്പുള്ളുകൾക്കുമെന്ന പോലെ എനിക്കും നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നല്ലോ ……

മറ്റാരെക്കാളും എന്നെ നീയറിഞ്ഞിരുന്നല്ലോ………..

നിന്നോർമ്മയിൽ.....


ഓർമ്മകൾ പെയ്തൊരീ രാതന്തിയി
മാനസം മീട്ടും  രാഗം ശോകാർദ്രമായ്
ഇരുവീണലിയും നിലാവിചാരത്തു നീയില്ലെങ്കി
ഇനിയെനിക്കെന്തിനാണാ പാഴ് ജീവിതം  
കേഴുന്നു ഞാമൂകമീ പൂവാടി തേങ്ങും പോലെ
വസന്തമേ നീയെനിക്കെൻ സുഗന്ധമേകൂ
കാതോർത്തിരിപ്പൂ ഞാനെൻ സ്നേഹജാലകത്തിൻ ചാരെ
ഒരു തെന്നൽ തളിർവിരലാൽ നീ തഴുകിയെങ്കിൽ
ഞാനൊരു പനിനീർ മലരായ് വിടരാം
മധുകണമായ് നീ എന്നിലലിഞ്ഞാൽ
അർക്കൻ ചുംബിച്ച താമരയിതൾ പോലെ
എന്മുഖമത്രമേൽ അരുണാഭമാകവേ
എന്മനതാരിലൊരായിരം സ്വപ്നങ്ങൾ
മുരളീഗീതത്താൽ മുഖരിതമാകവേ
നിനക്കായെൻ മൗനവും വാചാലമായ്.....

Monday, February 20, 2012

എന്റെ പ്രണയത്തിന്....


ഒരു കുഞ്ഞു പൂവിലുറങ്ങാൻ കൊതിച്ചൊരു തേൻതുള്ളിയായിരുന്നെങ്കിൽ ഞാൻ......

പുലരി തൻ കൈവിരൽ തൊട്ടുണർത്തുന്നൊരു ഹിമകണമായിരുന്നെങ്കിൽ ഞാൻ.....

നിൻ വീഥിയെന്നും മലരണിയിക്കുന്ന പൂവാകയായിരുന്നെങ്കിൽ ഞാൻ.....

പനിനീർപൂവേ നിന്നധരം ചുംബിക്കും ശലഭമായ് ഞാനിന്നു മാറിയെങ്കിൽ.....

മഞ്ഞായ് കുളിർന്നെങ്കിൽ മഴയായ് പൊഴിഞ്ഞെങ്കിൽ പൂനിലാവായിരുൾ മാറ്റിയെങ്കിൽ.....

തളിരുകളെന്നും വിടരും വസന്തമായ് നിന്നിൽ സുഗന്ധം പരത്തിയെങ്കിൽ.....

കളകളം പാടിയൊഴുകുന്ന പുഴയായ് ഞാൻ നിൻ വിരലാലെന്നെ നീ തഴുകിയെങ്കിൽ.....

നിൻ സ്പർശമേൽക്കാൻ കൊതിച്ചുനിൽക്കുന്നോരഹല്യയായ് ഞാനിന്നു മാറിയെങ്കിൽ.....

പൂജക്കെടുക്കാത്ത പൂവിന്റെ വേദന പൂജാരി നീയൊന്നറിഞ്ഞുവെങ്കിൽ.....

പറയാനറിയാതെ പതറുന്നൊരെൻ മനം പറയാതെ നീയൊന്നറിഞ്ഞുവെങ്കിൽ.....

കാത്തിരിപ്പൂ ഞാൻ കാതോർത്തിരിപ്പൂ......

മിഴികളടക്കാതെ മൊഴികൾ പിഴക്കാതെ പ്രണയമേ നിൻ പടിവാതിൽക്കലിന്നും ഞാൻ........

അണയാത്ത നാളമായ് കാത്തിരിപ്പൂ………………

“തിരിച്ചു കിട്ടാത്ത സ്നേഹം വേദനയാണ് പക്ഷെ തിരിച്ചറിയാതെ പോയ സ്നേഹം 

മനസ്സിന്റെ വിങ്ങലാണ്.....”