Saturday, November 10, 2018

ചില നേരങ്ങൾ അങ്ങനാണ്. മരിച്ചു പോയവരെ ഓർമ്മ വരും. ഒരു യാത്രാമൊഴി പോലും പറയാതെ പോയിട്ടും മറന്നു കളയാൻ എനിക്ക് പറ്റാത്തോണ്ടാണ്.

അവരുടെ ഓരോ നിമിഷവും ഓർമ്മയുടെ ക്യാൻവാസിലിങ്ങനെ തെളിഞ്ഞു വരും. പങ്കിട്ട ഓരോ വാക്കും, ചിരിയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ ഒക്കെ മനസ്സിൽ നിറയും. അവരോടുണ്ടാക്കിയ ചെറിയ വഴക്കുകൾ, പിണക്കങ്ങൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും. വഴക്കിട്ടു കളഞ്ഞ സമയങ്ങൾ കൂടെ ആ ജീവൻ നീട്ടി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും...

ഒരു നിമിഷം കടമെടുത്ത് അവരൊന്ന് തിരിച്ചു വന്നെങ്കിൽ...
ചേർത്ത് പിടിച്ചൊന്ന് പറയാനാണ്.
ഒരുപാട് ഇഷ്ടമാണെന്ന്....
വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന്...


നക്ഷത്രങ്ങളാവുമെന്നൊക്കെ പറയുന്നത് വെറുതെയാവും. ആകാശത്തേക്ക് നോക്കുമ്പോ നക്ഷത്രത്തിൽ കണ്ണ് ചിമ്മിക്കൊണ്ടുള്ള അവരുടെ മുഖം തെളിഞ്ഞു വരുന്ന ട്വിസ്റ്റൊക്കെ സിനിമേലേണ്ടാവൂ.

ചെലപ്പോ അവരു നമ്മടെ കൂടെ ഉണ്ടാവും. നമ്മളെ കേൾക്കുന്നൂണ്ടാവും. ന്നാലും നമുക്ക് കാണാനോ കേൾക്കാനോ പറ്റില്യല്ലോ.
എന്തൊക്കെ പകരം വെച്ചാലും ഒരു നിമിഷത്തേക്കുപോലും അവരെ തിരിച്ചു കൊണ്ടരാൻ പറ്റാത്ത നിസ്സഹായത ഓർക്കുമ്പോ നമ്മളീ മനുഷ്യന്മാരൊക്കെ എന്തു കോമഡിയാലെ??