Thursday, July 12, 2012

വടിയമ്മാവന്‍



                                               പതിവ് പോലെ അന്നും അച്ഛനു പറയാന്‍ കുറെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. നൈറ്റ്‌ ഡ്യുട്ടി കഴിഞ്ഞു വരുന്ന ദിവസങ്ങളിലൊക്കെ കവലയില്‍ ബസ്സിറങ്ങി ആദ്യം അച്ഛന്‍ പോയിരുന്നത് രാഘവന്‍ നായരുടെ ചായക്കടയിലേക്കായിരുന്നു. അതിലിത്ര വിശേഷമായി എന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ വീട്ടില്‍ നിന്നും രണ്ടടി ദൂരം മാത്രമേ ചായക്കടയിലേക്കുള്ളൂ എന്നതാണ് . വീട്ടില്‍ അപ്പോള്‍ ചായ തയ്യാറുമായിരിക്കും. ഒരിക്കല്‍ കുടിച്ചവന്‍ എന്നും ഓര്‍മ്മ വയ്ക്കുന്ന നല്ല അസ്സല്‍ ചായ തന്നെയാണ് മീനുവമ്മ, അതായത്‌ എന്റെ അമ്മ ഉണ്ടാക്കിയിരുന്നത് . എന്നിട്ടും മൂപ്പര്‍ക്ക് എന്തിന്റെ കേടാണെന്ന് വെച്ചാല്‍ നല്ല എരിവും പുളിയും ചേര്‍ത്ത നാട്ടുവര്‍ത്തമാനങ്ങള്‍, പരദൂഷണങ്ങള്‍ , ഇതൊക്കെ നയാ പൈസ ചിലവില്ലാതെ കേള്‍ക്കാം. കൂട്ടത്തില്‍ വലിയ വിവരമൊന്നുമില്ലാത്ത കിളവന്‍സിനു മുന്‍പില്‍ തന്റെ അപാര പാണ്ഡിത്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യാം. അമ്മിണിയമ്മയുടെ വീട്ടിലെ പശുവിന്റെ പ്രസവം തുടങ്ങി അമേരിക്കന്‍ പ്രസിഡന്റിന്റെ പിറന്നാള്‍ ആഘോഷം വരെ ചര്‍ച്ചാവിഷയമായി ഉണ്ടാവും. തന്റെ അപാര പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയായിത്തന്നെ അച്ഛന്‍ ആ ചായക്കടയെ കണ്ടുപോന്നു. അവിടെ നിന്ന് കിട്ടുന്ന ഓരോ ന്യൂസും വള്ളി പുള്ളി തെറ്റാതെ തന്റെ സഹധര്‍മ്മിണിക്ക് വിളമ്പിക്കൊടുക്കുക എന്ന ധീരകൃത്യവും മാധവന്‍ നായര്‍ എന്ന എന്റെ അച്ഛന്‍ ചെയ്തു പോന്നിരുന്നു . അങ്ങനെ അന്നത്തെ ചര്‍ച്ചയിലെ മുഖ്യ കഥാപാത്രം ഒരു പിച്ചക്കാരനായിരുന്നു. നാട്ടില്‍ സുലഭമായി പിച്ചക്കാരുള്ള കാലമായതുകൊണ്ടാവാം വടിയമ്മാവന്‍ എന്നാണു അച്ഛന്‍ അയാളെ കളിയാക്കിയിരുന്നത് .









വന്നു കേറിയ പാടെ അച്ഛന്‍ വാമഭാഗത്തിനോടു പറഞ്ഞു. “എടോ താനറിഞ്ഞോ , നമ്മുടെ വടിയമ്മാവന്‍ ഇന്നലെ രാത്രി വടിയായത്രെ. പിന്നെന്താണെന്നു വെച്ചാല്‍ അങ്ങേരുടെ മടിശ്ശീലയില്‍ നിന്നും നാലായിരത്തോളം രൂപ കിട്ടിയെന്ന്. പിന്നെ ഒരു ബാങ്ക് പാസ്സ് ബുക്കും. കേമന്റെ ബാങ്ക് ബാലന്‍സ് എത്രയാണെന്നറിയുമോ? രണ്ടു ലക്ഷം രൂപയോളം വരും. “






കേട്ട് തീര്‍ന്നപ്പോഴേക്കും പതിവ് തെറ്റാതെ താടിക്കു വിരല്‍ ചേര്‍ത്ത് കഴിഞ്ഞിരുന്നു മീനുവമ്മ. “ ഇതൊക്കെ അങ്ങേരു തെണ്ടി ഉണ്ടാക്കിയതാണെങ്കില്‍ നാളെ മുതല്‍ ഞാനും ഈ പണിക്ക് ഇറങ്ങിയാലോ മാഷേ ? ഒരു പെങ്കൊച്ചുള്ളതിനെ കെട്ടിച്ചു വിടാറാകുമ്പോള്‍ എന്തെങ്കിലും കയ്യിലുണ്ടാകുമല്ലോ”.






ഞാനപ്പോള്‍ വടിയമ്മാവനെപ്പറ്റി ആലോചിക്കുകയായിരുന്നു. കാലം മുടിയിഴകളില്‍ കുറച്ചു ചായം തേച്ചിട്ടുണ്ടെങ്കിലും കാലനെ അടുത്തൊന്നും അടുപ്പിക്കില്ല എന്ന് പറയുന്ന ശരീരമായിരുന്നു വടിയമ്മാവന് . സാമാന്യം പൊക്കവും വണ്ണവും കീറി പറഞ്ഞ കൂറ ലുങ്കിയും മേല്‍മുണ്ടും സഞ്ചിയും കയ്യില്‍ ഒരു വടിയും, വടി അമ്മാവനെയാണോ അമ്മാവന്‍ വടിയെയാണോ താങ്ങുന്നത് എന്ന് പറയാന്‍ പറ്റാത്ത നടപ്പും കൂടെയായാല്‍ വടിയമ്മാവനായി . വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ക്കിടകത്തിലെ ഒരു തൃസന്ധ്യ നേരത്താണ് ആദ്യമായി മൂപ്പിലാന്‍ വീട്ടില്‍ കയറി വരുന്നത് . പിച്ചക്കാരെ കണ്ടാല്‍ വാളെടുത്തിരുന്ന അച്ഛനെ കാണാതെ അമ്മ തന്ന ഒരു രൂപയും കൊണ്ട് പിറകു വശത്തുകൂടെ ഞാന്‍ അങ്ങേരുടെ അടുത്തെത്തി. ഞാന്‍ കൊടുത്ത ഒരു രൂപ അവജ്ഞയോടെ തറയിലേക്ക് വലിച്ചെറിഞ്ഞിട്ട് മൂപ്പരൊരു കാച്ചു കാച്ചി. അഞ്ചു രൂപയില്‍ കുറവ്‌ ഞാന്‍ വാങ്ങിക്കാറില്ല എന്ന് . കഷ്ട്ടകാലം മാധവന്‍ നായരുടെ രൂപത്തില്‍ അതും കേട്ടുകൊണ്ടു വരുമെന്ന് പാവം വടിയമ്മാവനുണ്ടോ അറിയുന്നു. പറയാവുന്ന ചീത്ത മുഴുവന്‍ പറഞ്ഞ സന്തോഷത്തില്‍ അച്ഛനും കുറേക്കാലത്തേക്ക് ഭക്ഷണം കഴിക്കേണ്ടാത്ത വിധം വയറു നിറഞ്ഞ സന്തോഷത്തില്‍ വടിയമ്മാവനും രംഗം കാലിയാക്കിയപ്പോള്‍ തറയില്‍ വീണ ഒരു രൂപ തിരയുകയായിരുന്നു ഞാന്‍. പോയ പോക്കില്‍ അമ്മാവന്‍ കിട്ടിയതും കൊണ്ടാണു പോയതെന്നു ഞാനെങ്ങനറിയാന്‍....






ഇത്രയും പറഞ്ഞപ്പോള്‍ നിങ്ങള്‍ വിചാരിച്ചു കാണും വടിയമ്മാവന്‍ പിന്നെ വീട്ടിലേക്കു കാലെടുത്തു കുത്തിക്കാണില്ല എന്ന്. എവിടുന്ന്..... കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ദാ വരുന്നു മൂപ്പിലാന്‍ വീണ്ടും. മാധവന്‍ നായരില്ലെന്നു ഉറപ്പു വരുത്തി അങ്ങനെ ഒരുപാട് തവണ ആശാന്‍ വന്നും പോയുമിരുന്നു.






ഒരു വെള്ളിയാഴ്ച, ശരീര സുഖമില്ലാത്ത കാരണം അച്ഛന്‍ അന്ന് വീട്ടിലുണ്ടായിരുന്നു. പമ്മിപ്പമ്മി എത്തിയ വടിയമ്മാവന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചുകൊണ്ട് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് അച്ഛന്‍ തന്നെയായിരുന്നു. “ എല്ലാ ആഴ്ചയും കയറി വന്നു കാശു വാങ്ങാന്‍ ഇതെന്താ തന്റെ തറവാടാണോ “ അച്ഛന്റെ ശബ്ദം വല്ലാതെ ഉയരുന്നതു കേട്ടാണ് ഞാനോടി മുറ്റത്ത്‌ വന്നത്. അപ്പോള്‍ വടിയമ്മാവന്‍ ശാന്തനായി പറഞ്ഞു . “ സാറങ്ങിനെ പറയരുത്. എല്ലാ ആഴ്ചയിലൊന്നും ഞാന്‍ വരാറില്ല . ഇരുപതു ദിവസം കൂടുമ്പോഴാണ് ഞാന്‍ ഒരു ഏരിയയില്‍ വരുന്നത്. ഇതൊന്നു നോക്കിയേ ” മടിക്കുത്തില്‍ നിന്നുമൊരു കടലാസെടുത്തു കാണിച്ചു കൊണ്ട് വടിയമ്മാവന്‍.






“ശിവ ശിവ വന്നു വന്നു പിച്ചക്കാര്‍ക്കും ടൈം ടേബിളോ ! ” അമ്മയുടെ ആത്മഗതത്തില്‍ അച്ഛന്റെ ദേഷ്യം ഒരു മഞ്ഞുമല പോലെ അലിഞ്ഞിറങ്ങുന്നതും അതൊരു പൊട്ടിച്ചിരിയിലേക്ക് വഴിഞ്ഞൊഴുകുന്നതും ഞാനറിഞ്ഞു....