Friday, June 10, 2016

പിള്ളേച്ചനും കാളനും...

                  വടക്കേടത്തെ തേന്‍മാവിന്‍ചോട്ടിലിരുന്നു  ചീട്ടു കളിക്കുമ്പോഴാണ് മന്ദമാരുതന്‍റെ  കുളിര്‍ തലോടലേറ്റൊരു  മധുരമാമ്പഴം ഞെട്ടറ്റു ഗോപിപ്പിള്ളയുടെ തലയില്‍ വന്നു വീണത്. ഉടനെ ചാടിയെഴുന്നേറ്റു പിള്ളച്ചേട്ടന്‍ മൊഴിഞ്ഞു.
 "പാച്ചൂ, (ഇന്നത്തെ പിള്ളേര്‍ മച്ചൂ എന്നും വിളിക്കും) ഞാന്‍ മലര്‍ത്തി".  പറഞ്ഞു തീരുന്നതിനു മുന്‍പ് പിള്ളച്ചേട്ടന്‍  ഒരൊറ്റ മുങ്ങല്‍.

ഇനിയും ഇരുന്നാല്‍ ഇത്ര നേരം കൊണ്ടു അടിച്ചെടുത്തതൊക്കെ കയ്യില്‍നിന്നും പോകുമെന്നു അങ്ങേര്‍ക്കറിഞ്ഞൂടെ. പുറകെ പോയി കൂമ്പിനിട്ട് ഇടിച്ചു പൈസ തിരിച്ചു വാങ്ങുന്ന കൂട്ടുകാര്‍.


            ഇതവിടുത്തെ സ്ഥിരം കാഴ്ചയാണ് . നാട്ടിലെ തൊഴിലില്ലാത്ത, അഭ്യസ്തവിദ്യരായ, അതായത് അടി ഇടി തരികിടകളില്‍ ബിരുദം എടുത്ത
 ഫ്രീക്കന്മാരായ കുറച്ചു കിളവന്മാരുടെ ഹാങ്ങൌട്ട് പ്ലയിസ് ആയിരുന്നു ആ മാവിന്‍ ചോട് . വല്ലോരടേം പറമ്പാണെങ്കിലെന്താ നമ്മുടെ പിള്ളാര് സ്വന്തം പോലെ നോക്കും. ഉടമസ്ഥന്‍ സ്ഥലത്തില്ലാത്ത ആ പറമ്പിലെ ചക്ക മാങ്ങ ഒക്കെ സ്വന്തം പോലല്ലേ അവര്‍ വില്‍ക്കുന്നത്. പിന്നെന്താ,അന്യന്‍റെ മുതല്‍ ആയതുകൊണ്ട് പത്ത് പൈസ പോലും സ്വന്തം വീട്ടിലേക്ക് എടുക്കൂല. ഒക്കെ രാജപ്പന്റെ ഷാപ്പില്‍ കൊണ്ടു കൊടുക്കും . പാവം രാജപ്പന് മൂന്നു പെണ്‍പിള്ളേരല്ലേ എന്ന് വിചാരിച്ചു മാത്രമാണ് കേട്ടോ . പിന്നെ സ്നേഹം കൊണ്ടു രാജപ്പന്‍ ഒന്ന് രണ്ടു കുപ്പി കള്ളു കൊടുത്താല്‍ വിഷമിപ്പിക്കണ്ടല്ലോന്നു വെച്ച് മേടിച്ചോണ്ടു പോരും. അതും നിര്‍ബന്ധിച്ചാല്‍.

            കാര്യം കുറച്ചു തരികിട ഒക്കെ ഉണ്ടെങ്കിലും പിള്ളാരെപ്പോലെ  ഒരു  സഹായ മനസ്ഥിതി നാട്ടില്‍ വേറെ ആര്‍ക്കും  ഇല്ലെന്നു തന്നെ പറയണം.എന്തു പരിപാടിക്കും തുടക്കം മുതല്‍ ഒടുക്കം വരെ ഉണ്ടാവും. പിന്നെ കുപ്പി കാലിയാവാതെ തല്ലി ഓടിച്ചാലും പോവൂല. ഭയങ്കര ആത്മാര്‍ഥതയാ.

                   എന്തൊക്കെ പറഞ്ഞാലും  കൂട്ടത്തില്‍ കേമന്‍ നമ്മുടെ പിള്ളച്ചേട്ടന്‍ തന്നെയാണ് .  പിള്ളച്ചേട്ടന്‍റെ വീരകഥകള്‍ പറയുമ്പോള്‍
നാട്ടുകാര്‍ക്ക് നൂറു നാവാണ് (ചീത്ത വിളിക്കാന്‍ ആണെങ്കിലെന്താ) . പണ്ട് കണ്ടത്തിലെ രാധമ്മേടെ കല്യാണ സദ്യക്ക് വലിയൊരു ദുരന്തം
ഉണ്ടാവാതെ തടഞ്ഞത് നമ്മുടെ വീരപുരുഷന്‍ ആണ്. സദ്യയ്ക്ക് മുന്‍പ് കലവറയില്‍ ഒന്നു സഹായിക്കാന്‍ കയറിയതാണ് കക്ഷി .
മാമ്പഴ പുളിശ്ശേരി വായിലിട്ട് ഒന്നു കറക്കികണ്ണുമടച്ച് ധ്യാനമഗ്നനായി ഒരു നില്‍പ്പായിരുന്നില്ലേ.  ഹോ , രണ്ടേരണ്ടുനിമിഷം കൊണ്ടു കണ്ടുപിടിച്ചു കളഞ്ഞു. ചേനയുടെ ചൊറിച്ചില്‍. അത്കേട്ട് കലവറക്കാരന്‍ മാധവേട്ടന്‍ പറഞ്ഞ തെറിയുടെ മണം പോവാന്‍ ഒരാഴ്ച
എടുത്തെങ്കിലെന്താ പിള്ളച്ചേട്ടന്‍റെ വിവരം നാട്ടുകാര്‍ക്ക്  മുഴുവന്‍ ബോധ്യപ്പെട്ടില്ലേ .

പിള്ളച്ചേട്ടന്‍റെ വെവരം കണ്ടു മനസ്സു നിറഞ്ഞിട്ടാവും നമ്മുടെ വനിതാ സമാജം പ്രസിഡന്റ്‌ വാര്‍ഷികത്തിന്റെ സദ്യയുടെ ചുമതല അങ്ങ് ഏല്‍പ്പിച്ചു കൊടുത്തത്. പിള്ളാര്‍ അങ്ങനേലും വല്ല പണി എടുക്കട്ടെ എന്നുകരുതി ആണെന്ന് അസൂയക്കാര്‍ പറയും. പക്ഷെ സത്യം
നമുക്കറിയാലോ .

          എന്തായാലും പൊതുപ്രവര്‍ത്തകര്‍ പിള്ളച്ചേട്ടന്‍ ആന്‍ഡ്‌ ചേട്ടന്റെ ചങ്ക്സ് രാവിലെ തന്നെ കലവറയില്‍ ഹാജര്‍. കാച്ചാന്‍ വെച്ചിരിക്കുന്ന പപ്പടത്തിന്റെ കെട്ടുകള്‍ കണ്ടപ്പോള്‍ പൊ.പ്ര പിള്ളച്ചേട്ടന്റെ ചങ്കൊന്നു പിടഞ്ഞു . "ഓ മൈ ഗോഡ് , കുഴീലോട്ടു കാലും
 നീട്ടിയിരിക്കുന്ന ഈ മുതുക്കികള്‍ ഇത്രയും പപ്പടമൊക്കെ കഴിച്ചു വല്ല ഷുഗറും കൂടി ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു കരളിനെ ബാധിച്ചു തട്ടിപ്പോയാല്‍ '
പിന്നെ ഒന്നും ആലോചിച്ചില്ല. രണ്ടുകെട്ട്  പപ്പടം മടങ്ങി പിള്ളച്ചേട്ടന്‍റെ പോക്കറ്റില്‍. തൊട്ടടുത്ത്‌ ചായ ഉണ്ടാക്കുന്ന ചങ്ക്സ് . ചായപ്പൊടി കണ്ട
ചേട്ടന്‍റെ ഉള്ളിലെ പൊ.പ്ര വീണ്ടും തലപൊക്കി .വെളുത്തു തുടുത്ത് ഇരിക്കുന്ന വനിതാ സമാജത്തിലെ തരുണീമണികള്‍ കടുപ്പമുള്ള
ചായ കുടിച്ചു കറുത്ത് പോയാലോ. പകുതി ചായപ്പൊടി ഒരു കവറില്‍ കയറി ചേട്ടന്‍റെ പോക്കറ്റിലേക്ക് യാത്രയാവുന്നു.

അങ്ങനെ നമ്മുടെ പിള്ളേര്‍ ഒരുവിധം സദ്യവട്ടങ്ങളൊക്കെ ഒരുക്കി രുചി നോക്കല്‍ വിദഗ്ദന്‍ ഗോപിപ്പിള്ളയ്ക്ക് കൈമാറുന്നു . പിള്ള
മാങ്ങാക്കറിയെടുത്ത്  വായിലിട്ട് പതിവുപോലെ കണ്ണുമടച്ച് ധ്യാനിച്ച് അരുള്‍ ചെയ്തു. "പാച്ചു ബ്രോ , ഇത്തിരി ഉപ്പ് കൂടിപ്പോയി" . പഞ്ചായത്ത്
പൈപ്പിലെ ഒരു കപ്പ്‌ വെള്ളം മാങ്ങാക്കറിയില്‍ ചെന്ന്  വീഴുന്നു.  അടുത്ത വട്ടം വെള്ളം കൂടിപ്പോയി എന്നായിരുന്നു മുനിവചനം.
അങ്ങനെ മച്ചാന്‍സ് എല്ലാരും കൂടെ പണിതു കഴിഞ്ഞപ്പോള്‍ മഴയത്ത് വെച്ച പോലായി മാങ്ങാക്കറി.

ഓള്‍ഡ്‌ ലേഡീസിന്റെ വായില്‍ നിന്നും  അനര്‍ഗളനിര്‍ഗളം പ്രവഹിക്കാന്‍ സാധ്യതയുള്ള സെന്‍സര്‍ ചെയ്യാത്ത തെറി ഓര്‍ത്ത പിള്ളച്ചേട്ടന്‍
ഒരു അടപലക എടുത്തു മാങ്ങാക്കറി അങ്ങട് ഊറ്റി. "വാട്ട് ആന്‍ ഐഡിയ സര്‍ജി" സന്തോഷം കൊണ്ടു തന്‍റെ ഗ്ലാസിലെ ഓള്‍ഡ്‌ മങ്കെടുത്ത്
ഗുരുവിന്‍റെ തൊള്ളയിലേക്ക് കമിഴ്ത്തി പാച്ചുച്ചേട്ടന്‍.  ഊറ്റി വെച്ച വെള്ളം പാഴാവാതെ സാമ്പാറില്‍ ഒഴിച്ച് പിള്ളച്ചേട്ടന്‍ വീണ്ടും മാതൃകയായി . അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശുവിന്‍റെ സ്മരണയില്‍  അമ്പത് പേര്‍ക്കുള്ള  സദ്യ നൂറു പേരെക്കൊണ്ടു തീറ്റിച്ച് (അടാറ് ടേസ്റ്റ് അല്ലേ ) പിള്ളച്ചേട്ടന്‍ വീണ്ടും വീണ്ടും മാതൃകയായി. ഒരു ഇരുപത്തഞ്ചു പേര്‍ക്കുള്ള സാധനങ്ങള്‍ പിള്ളച്ചേട്ടന്‍റെയും ചങ്ക്സിന്‍റെയും
 പോക്കറ്റിലുമായി.

സദ്യ ഉണ്ട്‌ മിണ്ടാന്‍ പറ്റാതായ പ്രസിഡന്റ്‌ സരസ്സുടീച്ചര്‍ തോഴി തങ്കമ്മയോടു പറഞ്ഞത്രേ. "തങ്കൂ, ഈ നാശം പിടിച്ച കിളവന്മാരെ വല്ല ഇല തുടക്കാനും നിര്‍ത്തിയാല്‍ മതിയാരുന്നു ".

              എന്തായാലും നമ്മുടെ പിള്ളേര്‍സ് ഹാപ്പി. ഗുരുവിനു മാത്രം ഒരു ചെറിയ സങ്കടം.  മാങ്ങാക്കറിയുടെ വെള്ളം കാളനില്‍ ആയിരുന്നുവത്രേഒഴിക്കേണ്ടത് . ശിഷ്യര്‍ സമാധാനിപ്പിച്ചു. "നെക്സ്റ്റ് ടൈം ബ്രോ".