Follow by Email

Wednesday, April 18, 2012

നീ ...........ചില കുറിപ്പുകള്‍


1. നീ എന്നോടു പറയരുതായിരുന്നു മൌനത്തിനു ഈണമുണ്ടെന്നു
പുഴകള്‍ പാടുമെന്നു
ഹൃദയതാലത്തില്‍ താളമുണ്ടെന്നു
എന്നില്‍ മോഴിയരുതായിരുന്നു
സ്നേഹം വികാരമാണെന്ന്‍ .....
കണ്ണുകള്‍ ചിത്രം വരക്കുമെന്ന്‍..
മനസ്സിനു കാഴ്ചയുണ്ടെന്ന്‍...
ഇനി  എനിക്ക് ചിരിക്കാതെ വയ്യ ....
കരയാതെ വയ്യ ...
പ്രണയിക്കാതെ വയ്യ ....
വേദനിക്കാതെ വയ്യ ...
വേണ്ടായിരുന്നു .....മരവിച്ച മനസ്സോടെ നിര്‍ജീവ സമുദ്രത്തില്‍ ഞാനെന്റെ ലോകം കണ്ടേനെ ......
പക്ഷെ നീ എന്നെ മനുഷ്യനാക്കിയിരിക്കുന്നു ...

2. മറക്കാന്‍ കഴിയുമോ നീ എന്നില്‍ വര്‍ഷിച്ച പ്രണയത്തിന്റെ വീണാനാദം ...
    മറക്കാന്‍ കഴിയുമോ നിന്റെ പുഞ്ചിരിയില്‍ അലിഞ്ഞുപോയ ജീവിതത്തിന്റെ ഇരുള്‍ .....
 മറക്കില്ല....... നീ എന്റെ ഹൃദയ തന്ത്രിയില്‍ വീണാനാദമായി എന്നുമുണ്ട്.....


.3 ഇളം മഞ്ഞുള്ള നനുത്ത പ്രഭാതത്തിനും  അസ്തമയ സൂര്യന്റെ അരുണാഭ വദനത്തിനും നിന്നോളം സൌന്ദര്യമുണ്ടാവും......
    പക്ഷെ നീയെനിക്കു നല്‍കിയ പ്രണയത്തിന്റെ തീക്ഷ്ണത....................സ്നേഹത്തിന്റെ മാസ്മരലോകം ............. ഇവയൊന്നും അവയ്ക്കു സ്വന്തമല്ലല്ലോ .....


4. നീ എനിക്കെല്ലാമായിരുന്നു .....
   രാത്രിമഴയുടെ ഭീകരതയില്‍ നീ എനിക്കു സാന്ത്വന സ്പര്‍ശമുള്ള താരാട്ടായിരുന്നു.......
   വേനലില്‍ സ്നേഹത്തിന്റെ വര്‍ഷമായ്‌ ....തീരമറിയാത്ത കടലില്‍ പതിച്ചപ്പോള്‍ സൌഹൃദത്തിന്റെ തോണി തുഴഞ്ഞെത്തിയത്  നീയായിരുന്നു .......
   മരുഭൂമിയില്‍ നീ വിരിയിച്ചത് മരുപ്പച്ചയല്ല വസന്തം തന്നെയായിരുന്നു ....
   ഹൃദയ വിശുദ്ധിയുടെ തണുപ്പുള്ള , നിഷ്ക്കളങ്കതയുടെ, പ്രതീക്ഷയുടെ , ആത്മാര്‍ത്ഥതയുടെ, നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ വസന്തം......


5. ഇനി ഓര്‍മ്മകളുടെ നേര്‍ത്ത നോവും പേറി ഇന്നലെകളിലേക്ക് മടങ്ങാന്‍ വയ്യ ....
    ആകാശം കാണാത്ത മയില്‍പ്പീലി പോലെ നീയെന്ന ദീപത്തെ ഞാനെന്റെ മനസ്സിന്റെ പുസ്തകത്താളില്‍ സൂക്ഷിച്ചു ....
   വിട്ടയയ്ക്കാം  നിന്നെ..... പക്ഷെ നീ എന്നിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പിന്നെയെന്‍ പ്രകൃതിയില്‍ വസന്തമില്ല.... പ്രണയചൂടു പകരും വേനലില്ല...
    ശിശിരം മാത്രം..... മനസ്സു മരവിപ്പിയ്ക്കുന്ന തണുപ്പ് ....  ചലനമില്ലാത്ത രൂപത്തിന്റെ പ്രണയം പോലെ നിര്‍ജ്ജീവത....


6. ഉഷസ്സിന്റെ പ്രഭയില്‍ മതിമറന്ന് നിന്നെ ആദ്യമായി പ്രണയിച്ച, ആദ്യമായി നെറുകയില്‍ ചുംബിച്ച, നിസ്വാര്‍ത്ഥമായി  സ്നേഹിച്ച ആ പാവം മഞ്ഞുതുള്ളിയെ നീ മറന്നോ .....?
    പാവം...... മണ്ണോടു മണ്ണ്  ചേര്‍ന്നു. അല്ലെങ്കില്‍ കണികകളായി ലയിച്ച്  ഇല്ലതെയായപ്പോഴും അത് ആഗ്രഹിച്ചത്‌ പുനര്‍ജനിയായിരുന്നു.... വെറും ജലത്തിലൂടെയല്ല..... നിന്നില്‍ ഉറങ്ങുന്ന, ആത്മാവിനെ അറിയുന്ന, സൂര്യതാപത്തില്‍ വേവുന്ന നിന്നില്‍ പെയ്യുന്ന വര്‍ഷമായിട്ട് ......
   എന്നെങ്കിലും നീ തിരിച്ചറിയുമോ....ആ സ്നേഹത്തെ......?


7. പുഴയുടെ ഭീകരതയിലും എനിക്ക് അക്കരെ കടന്നേ മതിയാകു..... ഇനിയും വൈകിയാല്‍ ഉഷസ്സിന്റെ വെള്ളിവെളിച്ചം നിന്നില്‍ പതിച്ചാല്‍.... നിന്റെ മിഴികള്‍ തുറന്നാല്‍ ..... നിന്റെ മുന്‍പില്‍ കണികാണാന്‍ ആഗ്രഹിക്കുന്ന ചെമ്പകപ്പൂക്കളെ ഒരുക്കാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍.....
   ഓര്‍ക്കുവാന്‍  വയ്യെനിക്ക്......
   എന്റെ കയ്യില്‍ ഞെട്ടറ്റ കേവലം പൂക്കള്‍  മാത്രമല്ല.... എന്റെ മനസ്സിന്റെ മോഹവുമുണ്ട് .... വാടിയ പൂക്കളിലെ ഒരിക്കലും വാടാത്ത പ്രണയത്തിന്റെ സുഗന്ധമുണ്ട് .....


8. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും എന്റെ കണ്ണുകളില്‍ പെയ്യുന്നത് മഴമേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന  നേര്‍ത്ത നിലാവാണ്‌ ..... എവിടെയൊക്കെയോ അതിനു നിന്റെ ഭംഗി ...... നിഷ്ക്കളങ്കമായ ഒളിച്ചുനില്‍ക്കല്‍ .....
    ചിലപ്പോള്‍ ഹൃദയത്തില്‍ തൊടുന്ന ആ പുഞ്ചിരി...
    വേദനയില്‍ കത്തിയമര്‍ന്ന നിലവിളക്കിന്റെ ഇരുളിമ..... മാറിക്കൊണ്ടിരുന്നാലും എന്നില്‍ വേലിയേറ്റമുണര്‍ത്തുന്ന ഭാവമാറ്റങ്ങള്‍ ....
   നീ ഒരു നിലാവാണ്‌..... എന്റെ വേദനയുടെ വിഷജലത്തെ അലിയിക്കുന്ന പാല്‍ പോലെ വെളുത്ത, കളങ്കമില്ലാത്ത നറുംനിലാവേ  പറയൂ ഞാന്‍ നിന്നെ പ്രണയിക്കുന്നോ ...........?


9.വേഗം നടക്കുക..പേമാരി വരുന്നുണ്ട്.... സ്നേഹത്തിന്റെ ഈ വാഴയിലകള്‍ നിനക്ക് കുടയായി  വിരിച്ചിരിക്കുമ്പോള്‍ നീ നനയില്ല....
   എങ്കിലും വേഗം നടക്കുക .....ചിലപ്പോള്‍ ദൂരമാകുന്ന കാറ്റ് ഈ ഇലകളെ കീറിയേക്കാം . അതിനു മുന്‍പ് നമുക്കവിടെ എത്തണം. അവിടെ ഞാന്‍ നിനക്കായി പണിതീര്‍ത്ത ആ കൊച്ചു വള്ളിക്കുടിലിലേക്ക്.........  അവിടെ നിന്നെ പുതപ്പിക്കാന്‍ എന്റെ ഹൃദയധമനികളാല്‍ ഞാന്‍ നെയ്ത  ചുടുരക്തതിന്റെ ഇളം ചൂടുള്ള കരിമ്പടമുണ്ടാവും.....
    സുഖമായി ഉറങ്ങുക ............


10. എനിക്കു നിന്റെ പ്രണയം ആവശ്യമില്ല.....
     നിന്റെ സൌന്ദര്യം ആവശ്യമില്ല .......
     സ്വപ്നങ്ങളും വേണ്ട ......
     നിന്റെ ആലിംഗനമോ ച്ചുംബനമോ ഞാന്‍  ആഗ്രഹിക്കുന്നില്ല ......
     പക്ഷെ നിന്റെ വേദനകളെ എന്നിലേക്ക് നല്‍കുക .... എന്റെ പ്രണയത്തിന്റെ ചൂടില്‍  
     ഞാനവയെ എരിക്കട്ടെ.....
     കാരണം എന്നില്‍ പ്രണയം ഇനിയും  മരിച്ചിട്ടില്ലെന്നു തിരിച്ചറിയാന്‍ എനിക്കു നിന്റെ  വേദനകളെ സ്വന്തമാക്കണം......


11. നിന്റെ സ്നേഹത്തിന്റെ പെരുമഴ എന്നില്‍ പെയ്തിറങ്ങിയപ്പോഴാണ്  ഞാനുണര്‍ന്നത്  ....... ... ഒരു ചിത്രശലഭത്തെപ്പോലെ  പവിഴക്കൂട്ടില്‍ നിന്നും പുറത്തുവന്നത് ...
     എന്നിലെ സ്നേഹം മറ്റുള്ളവരിലേക്ക് പകരാന്‍...... അന്ന് ആ മഴ പെയ്തില്ലായിരുന്നെങ്കിലോ...........?


12. നിന്റെ ആ ഹൃദയം തേടിയായിരുന്നു ഞാന്‍ കാതങ്ങള്‍ പിന്നിട്ടത് ..........
      അത് ഞാന്‍ കണ്ടെത്തിയപ്പോഴേക്കും നീ എന്നില്‍ നിന്നും പോയ്‌മറയുകയായിരുന്നു ......എങ്കിലും ഞാന്‍ കാത്തിരിക്കും . എവിടെയെങ്കിലും ഒരു പൂമൊട്ടായി നീ വിരിയാതിരിക്കില്ല അല്ലേ ......?

13.എല്ലാം തുടങ്ങുന്നത് നിന്നിലാണ് ........ അവസാനിക്കുന്നതും ....

                          എല്ലാം നീയാണ്.

                          പെയ്തു തോര്‍ന്നതെല്ലാം......
                          പെയ്തു കൊണ്ടിരിക്കുന്നതെല്ലാം..... 
             ഇനി    പെയ്യാനുള്ളതെല്ലാം...... നിന്‍റെ   ഓര്‍മ്മയുടെ മഴത്തുള്ളികള്‍ ....

ഒരിക്കലും നിലക്കാതെ  എന്നില്‍   നിറയുന്നത്  നിന്‍റെ  സ്നേഹത്തിന്‍റെ  സംഗീതം മാത്രം...
                              ജീവ വായു പോലെ ... ഇരുളില്‍  വഴിയറിയാതെ പകച്ചു നിന്നവള്‍ക്ക്  മുന്നിലെത്തിയ  മിന്നാമിനുങ്ങ് പോലെ ....

                          ഒരിത്തിരി വെളിച്ചം .. കാലിടറുമ്പോള്‍  ഒരു കൈത്താങ്ങ്‌ .... അതാണ് നീ തന്ന നിമിഷങ്ങള്‍...

ഈ ഓര്‍മ്മകള്‍ ... ഇനിയെനിക്ക്  അതുമതി ......                           

No comments:

Post a Comment