Sunday, February 11, 2018

വഴക്കിടുമ്പോഴൊക്കെ ദൂരെയൊരു തുരുത്തിൽ ഇരുട്ടിൽ ഒറ്റക്കിരിക്കുന്ന നിന്നെയെനിക്കോർമ്മ വരും. അല്ലെങ്കിൽ മഞ്ഞുവീണുമറഞ്ഞ പാതയോരത്ത് വഴിയറിയാതെ വിതുമ്പുന്ന ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ നിന്നെ ഞാൻ സ്വപ്നം കാണും.. നിന്റെ കണ്ണുകളിലെ കലമ്പൽ മാഞ്ഞിട്ടുണ്ടാവില്ല..

വാക്കുകളിൽ ദേഷ്യം നിറച്ച് എനിക്കാരും വേണ്ടെന്ന് നീ പറയുമ്പോൾ ഞാൻ കേൾക്കുന്നത് എനിക്കാരുമില്ലെന്നു തേങ്ങുന്ന നിന്റെ മനസ്സിനെയാണ്.  വെറുപ്പു നിറച്ച നിന്റെ മുഖത്തു കാണുന്നത് സങ്കടവും പരിഭവവുമാണ്.

ഞാനുണ്ടെന്നു ചേർത്തു പിടിക്കുമ്പോൾ നിന്റെ കണ്ണിൽ പൂക്കുന്ന ആ നക്ഷത്രക്കുഞ്ഞുങ്ങളോടുള്ള പ്രണയം കാരണമാണു പെണ്ണേ  നിന്നോട് ഞാനിങ്ങനെ പിണങ്ങുന്നത്...

Pic courtesy : Google Muthassi...

Thursday, February 8, 2018

സ്വപ്നമഴ പോലൊരുവൾ

അവൾ ഒരു മഴയായിരുന്നു. നിനച്ചിരിക്കാതെ പെയ്തുതോർന്ന സ്വപ്നമഴ. നനഞ്ഞ മണ്ണിൽ കാലടികളും നെഞ്ചിലൊരു വിങ്ങലും നൽകി മറഞ്ഞു പോയവൾ..

കാത്തിരിക്കാനൊരു ഋതുവും കണ്ണിലൊരു കടലാഴവും സമ്മാനിച്ചവൾ.

അവളിപ്പോൾ പെയ്യുന്നത് മഞ്ഞുമൂടിയ കൊട്ടാരങ്ങളുടെ അകത്തളങ്ങളിലാണ്.

തീയാളുന്നത് എന്റെ ഹൃത്തിലായിരിക്കെ...

"ഒരു കടലാസ്സു വഞ്ചി പോലെ തെന്നിത്തെന്നി... കാറ്റിലുലഞ്ഞ്.. ഇടക്കോരോ തീരങ്ങളിൽ തട്ടിത്തട്ടി...  മഴത്തുള്ളി നിറഞ്ഞു മുങ്ങും വരെ ഒഴുകണം..."

തോറ്റു പോയവർ..

നിന്നെ വിട്ടുപോകണമെന്നു എത്രമാത്രം ആഗ്രഹിക്കുന്നുവോ അതിനേക്കാളേറെ തീവ്രമായി നീയെന്റെ ഉള്ളിൽ തറച്ചുകയറുന്നു.

എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചു തോറ്റവരാണ് നമ്മൾ. ആർദ്രമായൊരു നോട്ടം, അല്ലെങ്കിൽ മൃദുവായൊരു ചുംബനം. മഞ്ഞുമല പോലെ എല്ലാം ഉരുകിയലിയാൻ അതുമതി. ഇനി എനിക്കു നിന്നെ മറക്കാൻ കഴിയില്ലായിരിക്കും.

എല്ലാം ഇതുപോലെ തന്നെ തുടരട്ടെ... നമുക്കു നമ്മെ മടുക്കും വരെ... അല്ലെങ്കിൽ നീയോ ഞാനോ പ്രാണനറ്റ് എരിഞ്ഞുതീരും വരെ.. ഇങ്ങനെ തന്നെ തുടരട്ടെ....