Sunday, July 14, 2019

"ഒരു തിരശ്ശീലക്കപ്പുറം നീയുണ്ടായിരുന്നു. അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. കാണാതിരിക്കാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരുപക്ഷേ നേർത്തൊരാ  തിരശ്ശീലയെങ്കിലും വേണമായിരുന്നെനിക്ക്,  നിന്റെ നോട്ടങ്ങൾ എന്നിലേക്കാഴ്ന്നിറങ്ങാതെ ഓടിയൊളിക്കാൻ. 

തായ് വേരറുത്ത തടിപോലെയാണിനി ജീവിതം. അവസാന തുള്ളി രക്തവും വറ്റിപ്പോകും വരെ പിടിച്ചുനിൽക്കണം. പുഴുക്കളും ചിതലും അരിച്ച് നിർജ്ജീവമായി അടിപതറി മണ്ണിൽ വീഴും വരെ. 

എന്തിനായിരുന്നു ഇങ്ങനെ ഒരു ഒളിച്ചോട്ടമെന്ന് നീ ചോദിച്ചു. നിന്നിലേക്കുള്ള ഇഴകളെല്ലാം പൊട്ടിച്ചെറിഞ്ഞൊരു യാത്ര എനിക്കനിവാര്യമായിരുന്നു. ഇല്ലെങ്കിൽ നീ തെറ്റാണെന്ന് ബുദ്ധിയും, ഒരേ ഒരു ശരിയെന്ന് മനസ്സും തർക്കിച്ചു തർക്കിച്ച്  ഭ്രാന്തു പിടിക്കുമായിരുന്നെനിക്ക്. "
"എത്ര പിഴുതു മാറ്റിയാലും വീണ്ടും മുളയ്ക്കുന്ന പാഴ്മരങ്ങളാണ് ചില ഇഷ്ടങ്ങൾ. "

നീയെന്ന ഭ്രാന്ത്

"വീണ്ടും വീണ്ടും  നിന്നിലേക്ക്.... നിന്നിലേക്ക് മാത്രമൊഴുകിയെത്തുന്ന ഭ്രാന്ത് പൂക്കുന്ന, മറവിയുടെ ചുരങ്ങൾ. നിന്നിൽ തുടങ്ങി നിന്നിലവസാനിക്കുന്ന ഓർമ്മകൾ.."

കട്ടെടുക്കുന്നവരോട്..

"കോറിയിടുന്ന ഓരോ വരികളിലും ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട് ഓരോ എഴുത്തുകാർക്കും. ചിലപ്പോൾ അവരവരുടെ തന്നെ. ചിലപ്പോൾ മറ്റുള്ളവരുടെ. ചിലതെല്ലാം ഹൃദയത്തിൽ ചോര പൊടിഞ്ഞാണ് അവരെഴുതുന്നത്. ഒരുപാട് ഓർമ്മകളുടെ, സ്വപ്നങ്ങളുടെ, വിരഹത്തിന്റെ, സന്തോഷത്തിന്റെ, പ്രതീക്ഷയുടെ, സങ്കടങ്ങളുടെ ഒക്കെ നേർചിത്രങ്ങൾ. ഒരുവിധത്തിൽ പറഞ്ഞാൽ സ്വന്തം ഹൃദയത്തെ പകർത്തിയെഴുതൽ.
PC @google
ആ ആത്മബന്ധം ഒന്നുകൊണ്ടു മാത്രമാണ് പലരും തങ്ങളുടെ രചനകളുടെ മേൽ സ്വാർത്ഥരാവുന്നത്. സ്വന്തം കുഞ്ഞിനെയെന്ന പോലെ, വേറൊരാൾക്ക് വിട്ട് കൊടുക്കാൻ മടിക്കുന്നത്."

ശൂന്യത

"നീ വരഞ്ഞിട്ട ചില്ലു കൊട്ടാരത്തിലെ തടവുകാരിയാണ് ഇന്ന് ഞാൻ. നിലാവിന്റെ ചുമരുകൾ തുളച്ചെത്തുന്ന നിന്റെ മൗനത്തിന്റെ ഈ ശൈത്യം എന്റെ നാഡികളെ തളർത്തുന്നു. ഹൃദയം എന്നേ തണുത്തുറഞ്ഞിരിക്കുന്നു. കല്ലിനെക്കാൾ കഠിനമാണോ നിന്റെ മനസ്സ്. .
അത്രമേൽ നേർത്തൊരു നൂലിഴ കൊണ്ടാണോ നീയെന്നെ ചേർത്തു വെച്ചത്? ഒരു ഭ്രാന്തൻ ചിന്തയുടെ കാറ്റിൽ പാറിപ്പോകും വിധമാണോ നീയെന്നെ ഹൃദയത്തിൽ കൊരുത്തിട്ടത്?
നിന്റെ അസാന്നിധ്യത്തിൽ പൂക്കാനൊരു ചില്ലയില്ലാതെ എന്റെ വസന്തം മടങ്ങിപ്പോയിരിക്കുന്നു."

നഷ്ടസ്വപ്നങ്ങൾ

"വെറുതെ വാതിലിൽ വന്ന് മുട്ടിയുണർത്തി പിണങ്ങിപ്പോകാറുണ്ട് ചില മോഹങ്ങൾ "

മഴയോർമ്മ

ഇടവപ്പാതി പെയ്യുന്ന രാത്രിയിൽ ഉമ്മറപ്പടിയിൽ ഓർമ്മകളേയും കൂട്ടുപിടിച്ച് ഒറ്റയ്ക്കിരിക്കണം.
പുറത്ത് മഴ പെയ്ത് മണ്ണ് തണുക്കുന്നതുപോലെ, ഓർമ്മകൾ പെയ്ത് മനസ്സും കുളിരണം....💦💦💦💥💥💥💥💭💭💭💭

ഉയിരുണങ്ങുമ്പോൾ

                                   " പുറംമോടികൾക്കുള്ളിൽ എതിർദിശയിലേക്കൊഴുകുന്ന ഒറ്റപ്പെട്ട നദിയാണ് നീ. ഞാൻ അകലെയൊരു വരണ്ട ഭൂമിയിലെ ഒറ്റമരവും.
PC : Google
നിന്നെയും എന്നെയും  കൊരുത്തിട്ട കൈവഴികൾ നൂലുപോലെ നേർത്തു തുടങ്ങുന്നത് നീ അറിയുന്നില്ലേ? പുതിയ തീരങ്ങൾ തേടിയുള്ള യാത്രയിൽ എന്റെ പ്രണയം  ശ്വാസം തേടി പിടയുന്നത് നീ കാണുന്നില്ലേ?   തായ് വേരുണങ്ങിയ മരത്തിന് നിലനിൽപ്പുണ്ടോ? ചാഞ്ഞും ചരിഞ്ഞും അടിപതറിയും, ചുറ്റി വരിഞ്ഞ ചെറുവേരുകളിൽ അഭയം തേടുമ്പോൾ, ദൂരെ ഒരു പൊട്ടുപോലെ മാഞ്ഞുതുടങ്ങുന്ന നിന്നെയോർത്ത് ഹൃദയം നുറുങ്ങുന്നു. അത്രമേൽ ആഴത്തിൽ, ഉടലും ഉയിരും പിണഞ്ഞു നിന്നിലേക്കിറങ്ങിയ അടിവേരുകൾ മറ്റൊരു പാത ഇനി തേടുന്നതെങ്ങിനെ!

 നിന്റെ കര കവിയാൻ..
എന്നിലേക്കൊഴുകാൻ..
ഇനിയെത്ര സംവത്സരങ്ങളിലെ  പ്രണയപ്പെയ്ത്തുകൾ..."