Monday, February 20, 2012

എന്റെ പ്രണയത്തിന്....


ഒരു കുഞ്ഞു പൂവിലുറങ്ങാൻ കൊതിച്ചൊരു തേൻതുള്ളിയായിരുന്നെങ്കിൽ ഞാൻ......

പുലരി തൻ കൈവിരൽ തൊട്ടുണർത്തുന്നൊരു ഹിമകണമായിരുന്നെങ്കിൽ ഞാൻ.....

നിൻ വീഥിയെന്നും മലരണിയിക്കുന്ന പൂവാകയായിരുന്നെങ്കിൽ ഞാൻ.....

പനിനീർപൂവേ നിന്നധരം ചുംബിക്കും ശലഭമായ് ഞാനിന്നു മാറിയെങ്കിൽ.....

മഞ്ഞായ് കുളിർന്നെങ്കിൽ മഴയായ് പൊഴിഞ്ഞെങ്കിൽ പൂനിലാവായിരുൾ മാറ്റിയെങ്കിൽ.....

തളിരുകളെന്നും വിടരും വസന്തമായ് നിന്നിൽ സുഗന്ധം പരത്തിയെങ്കിൽ.....

കളകളം പാടിയൊഴുകുന്ന പുഴയായ് ഞാൻ നിൻ വിരലാലെന്നെ നീ തഴുകിയെങ്കിൽ.....

നിൻ സ്പർശമേൽക്കാൻ കൊതിച്ചുനിൽക്കുന്നോരഹല്യയായ് ഞാനിന്നു മാറിയെങ്കിൽ.....

പൂജക്കെടുക്കാത്ത പൂവിന്റെ വേദന പൂജാരി നീയൊന്നറിഞ്ഞുവെങ്കിൽ.....

പറയാനറിയാതെ പതറുന്നൊരെൻ മനം പറയാതെ നീയൊന്നറിഞ്ഞുവെങ്കിൽ.....

കാത്തിരിപ്പൂ ഞാൻ കാതോർത്തിരിപ്പൂ......

മിഴികളടക്കാതെ മൊഴികൾ പിഴക്കാതെ പ്രണയമേ നിൻ പടിവാതിൽക്കലിന്നും ഞാൻ........

അണയാത്ത നാളമായ് കാത്തിരിപ്പൂ………………

“തിരിച്ചു കിട്ടാത്ത സ്നേഹം വേദനയാണ് പക്ഷെ തിരിച്ചറിയാതെ പോയ സ്നേഹം 

മനസ്സിന്റെ വിങ്ങലാണ്.....”

7 comments:

  1. ഒരു നിരാശ കലര്‍ന്ന വാക്കുകള്‍ ആണല്ലോ??? നന്നായിട്ടുണ്ട്



    ഞാന്‍
    മാത്രമറിയുന്ന എന്നിലെ പ്രണയം..

    അതിനു പറയാന്‍ വേര്‍പാടിന്‍ നോവുന്ന ഓര്മകളില്ല....

    ഓര്‍മപ്പെടുത്താന്‍ കല്പിത നിമിഷങ്ങളില്ല ..

    ഒരു നേര്‍ത്ത ചാറ്റല്‍ മഴപോല്‍ നിശബ്ദമായ് ..

    പെയ്യുന്നു നിര്‍ഗളം ഇടവേളകളില്ലാതെ ...

    ഈ ശൂന്യതയാണ് എന്റെ പ്രണയത്തിന്‍ ആത്മാവ് ,,..

    പങ്കു വെക്കാന്‍ മിനുക്കിയെടുത്ത വാക്കുകള്‍ വേണ്ട ...

    അര്‍ത്ഥമില്ലാത്ത സങ്കല്പ സ്വപ്‌നങ്ങള്‍ വേണ്ട ...

    ആടി പഴകിയ വിഡ്ഢി വേഷങ്ങള്‍ വേണ്ട...

    എന്നെ ഞാനായി അറിയുമീ പ്രണയത്തിന്‍ ...

    വെളിച്ചവും ഞാനാണ് ജീവനും ഞാനാണ് ...

    എന്നിലെ ശൂന്യതയെ കുറിച്ച് അറിയുമ്പോള്‍..,

    എല്ലാ നിര്‍വൃതിയും ഞാന്‍ കണ്ടെത്തുന്നു...

    അത് തന്നെയാണ് പൂര്‍ണത എന്നറിയുമ്പോള്‍. .......

    പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു.!!

    ReplyDelete
  2. ഞാന്‍
    മാത്രമറിയുന്ന എന്നിലെ പ്രണയം..
    നന്നായിട്ടുണ്ട്...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കുത്തിക്കുറിച്ച ഈ വരികളില്‍ എത്രത്തോളം പ്രണയം ഉണ്ടെന്നു മനസ്സിലാക്കണമെങ്കില്‍ നമ്മുടെ പ്രണയത്തിനെ നമ്മള്‍ എങ്ങനെ കാണുന്നു എന്നറിഞ്ഞാല്‍ മതി... സ്വന്തം മനസ്സിനെ വിശ്വസിച്ചാല്‍ നമ്മുടെ പ്രണയവും മധുരമുള്ളതാകും....

    എഴുതണം ഇനിയും എഴുതണം ....

    ReplyDelete
  5. valare nannayittundu nte priya koottukari. Bhavanakalude chirakileri iniyum orupadu sancharikkooo. veendum nalla srishtikalkku janmam nalkoo

    ReplyDelete
  6. നീര്‍മാതളത്തിനായി എന്‍റെ സമ്മാനം
    "പ്രണയം മരിക്കുമെന്നാരു പറഞ്ഞു
    പ്രണയം പരാജയമെന്നെന്തിനു തോന്നി
    പ്രകാശം പരത്തിയിവിടെക്ക് വന്നപ്പോള്‍
    പ്രണയിക്കണം എന്നെനിക്കും തോന്നി"

    കവിതയും വരികളും, വാക്കുകളും ആശയവും നന്നായി, പക്ഷെ ഒരു താളം കൂടി വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി!, ആശംസകള്‍,

    ReplyDelete
  7. ഒരു പൂവിനുള്ളിലുറങ്ങാൻ കൊതിച്ചൊരു
    ചെറു തേൻതുള്ളിയായിരുന്നെങ്കിൽ ഞാൻ...

    പുലരി തൻ കൈവിരൽ തൊട്ടുണർത്തുന്നൊരു
    ഹിമകണമായിരുന്നെങ്കിൽ ഞാൻ...

    നിൻ വീഥിയെന്നും മലരണിയിക്കുന്ന
    പൂവാകയായിരുന്നെങ്കിൽ ഞാൻ...

    പനിനീർപൂവേ നിന്നധരങ്ങള്‍ ചുംബിക്കും
    ശലഭമായ് ഞാനിന്നു മാറിയെങ്കിൽ...

    മഞ്ഞായ് കുളിർന്നെങ്കിൽ മഴയായ് പൊഴിഞ്ഞെങ്കിൽ
    പൂനിലാവായിരുൾ മാറ്റിയെങ്കിൽ...

    തളിരുകളെന്നും വിടരും വസന്തമായ്
    നിന്നിൽ സുഗന്ധം പരത്തിയെങ്കിൽ...

    കളകളം പാടിയൊഴുകുന്ന പുഴയായ് ഞാൻ
    വിരലാല്‍ നീ എന്നെ തഴുകിയെങ്കിൽ...

    നിൻ സ്പർശമേൽക്കാൻ കൊതിച്ചോരഹല്യയായ്
    ഒരുവേള ഞാനിന്നു മാറിയെങ്കിൽ...

    പൂജക്കെടുക്കാത്ത പൂവിന്റെ വേദന
    പൂജാരി നീയൊന്നറിഞ്ഞുവെങ്കിൽ...

    പറയാനറിയാതെ പതറുന്നൊരെൻ മനം
    പറയാതെ നീയൊന്നറിഞ്ഞുവെങ്കിൽ...

    നിന്‍ വിളിക്കും നിന്റെ പാദസ്വനത്തിനും
    കാത്തു ഞാൻ കാതോർത്തിരിപ്പൂ...

    മിഴികളടക്കാതെ മൊഴികൾ പിഴക്കാതെ
    നിന്നെ സ്വപ്നം കണ്ടു നില്പൂ

    പ്രണയമേ നിൻ പടിവാതിൽക്കലിന്നും ഞാൻ
    അണയാത്ത നാളമായ് കാത്തിരിപ്പൂ...



    ReplyDelete